ഇടുക്കി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങൾ തടയുന്നതിനും സ്വയം പ്രതിരോധത്തിന് അവരെ പ്രാപ്തരാക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി സെൽഫ് ഡിഫൻസ് ട്രെയിനിങ്ങും ബോധവൽക്കരണ ക്ലാസ്സും ജില്ലയിൽ സജീവമെന്ന് പൊലീസ് . സ്‌കൂൾ/കോളേജ്, കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിച്ചുവരുന്നു. പൊതു സ്ഥലങ്ങളിൽ സ്ത്രീ സുരക്ഷ ഇറപ്പാക്കുന്നതിനായി ഷാഡോ പട്രോളിംഗ് പിങ്ക് പട്രോളിംഗുകളും ജില്ലയിലെ പിങ്ക് യൂണിറ്റ് മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ആന്റി വുമൻ ഹരാസ്‌മെന്റ് കമ്മിറ്റി ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരു ദിവസം സ്‌കൂളിൽ നിന്നും പരാതി സ്വീകരിക്കുന്നതിനായി ഒരു വനിതാ സിവിൽ പൊലീസ് ഓഫീസറുടെ സേവനം ലഭ്യമാക്കുകയും കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കുന്നതിനുമായി ചിരി പ്രോജക്ട് പ്രവർത്തിക്കുന്നു. കുട്ടികൾ/ മുതിർന്നവർ ആത്മഹത്യ ചെയ്ത വീടുകൾ സന്ദർശിച്ച് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുടുംബാങ്ങൾക്ക് കൗൺസലിംഗ് നടത്തിക്കൊടുക്കുന്നതിനുവേണ്ട നടപടികൾ പൊലീസ് ഡിപ്പാർട്‌മെന്റ് സ്വീകരിച്ചുവരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനും ഗാർഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനും അടിയന്തരമായും സമയബന്ധിതമായും ഇടപെട്ട് പരാതികളിൻമേൽ പ്രശ്‌നപരിഹാരം ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ ടെലി കൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ജില്ല പൊലീസ് വനിതാ സെല്ലിൽ ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പരാതികൾ അവരവരുടെ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലോ ജില്ലാ വനിതാസെല്ലിൽ പ്രവർത്തിക്കുന്ന ഗാർഹിക അതിക്രമ പ്രശ്‌നപരിഹാര കേന്ദ്രത്തിലെ 04862 236600, 9497980397 എന്ന നമ്പറുകളിലോ, ciwmncelidk.pol@kerala.gov.in വനിത ഹെൽപ് ലൈൻ നമ്പറായ 1091, 04862 229100, 9497932403 എന്ന നമ്പറുകളിലോ വിളിച്ച് പരാതിപ്പെടാവുന്നതാണ്. ഇന്റർനെറ്റ്, മൊബൈൽഫോൺ തുടങ്ങി സോഷ്യൽ മീഡിയ വഴിയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള പരാതികൾ പൊലീസ് സ്റ്റേഷനിൽ ചെന്ന് നേരിട്ട് പറയുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് aparajitha.pol@kerala.gov.in മെയിലിൽ പരാതിപ്പെടാം.