ഇടുക്കി: രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കൈയിലാണെങ്കിലും വലതിന് പലപ്പോഴും വഴങ്ങിയിട്ടുള്ള മണ്ഡലമാണ് ഉടുമ്പഞ്ചോല. പീരുമേട്, ദേവികുളം താലൂക്കുകൾ വിഭജിച്ച് 1965 ലാണ് ഉടുമ്പൻചോല താലൂക്ക് രൂപവത്കൃതമായതും ഉടുമ്പൻചോല സ്വതന്ത്ര മണ്ഡലമായതും. 1965 മുതൽ ആകെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.ഐയും രണ്ടുതവണ വീതവും കേരള കോൺഗ്രസ് നാല് തവണയും സി.പി.എം അഞ്ചുതവണയുമാണ് മണ്ഡലം സ്വന്തമാക്കിയത്. 1965 ലേത് കേരള കോൺഗ്രസ് മത്സരത്തിനിറങ്ങിയ ആദ്യ തിരഞ്ഞെടുപ്പായിരുന്നു. മാത്തച്ചനായിരുന്നു കേരളകോൺഗ്രസ് സ്ഥാനാർത്ഥി. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനാൽ സി.പി.എമ്മും സി.പി.ഐയും വെവ്വേറെയായിരുന്നു മത്സരം. കെ.ടി. ജേക്കബിനായിരുന്നു വിജയം. 1967ലും കെ.ടി. ജേക്കബ് വിജയം ആവർത്തിച്ചു. അപ്പോഴും എതിർസ്ഥാനാർത്ഥി മത്തച്ചാനായിരുന്നു. എന്നാൽ 1970ൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനായിരുന്നു ജയം. സി.പി.എമ്മിലെ വി.എം. വിക്രമനെയാണ് പരാജയപ്പെടുത്തയത്. 1977ൽ കേരള കോൺഗ്രസിലെ തോമസ് ജോസഫ് സി.പി.എമ്മിലെ എം. ജിനദേവനെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. 1980ലും തോമസ് ജോസഫ് തന്നെ വിജയിച്ചു. പരാജയപ്പെട്ടത് എസ്.ആർ.പിയിലെ പച്ചടി ശ്രീധരനായിരുന്നു. 1982ൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനെ പരാജയപ്പെടുത്തി സി.പി.എമ്മിലെ എം. ജിനദേവൻ മണ്ഡലം തിരിച്ചുപിടിച്ചു. 1987ൽ വിണ്ടും സി.പി.എമ്മിന് മണ്ഡലം നഷ്ടമായി. കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫനാണ് എം. ജിനദേവനെ തോൽപ്പിച്ചത്. അന്ന് മാത്യു സ്റ്റീഫന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷാൽ എം.ജി.ആർ വരെ എത്തിയിരുന്നു. 1991ൽ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു. 91ലും 96ലും സി.പി.എമ്മിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ ഇ.എം. ആഗസ്തി ഇവിടെ വിജയിച്ചു. പിന്നീട് നടന്ന മൂന്നു തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായില്ല. 2001 മുതൽ മൂന്ന് ടേമുകളിലായി സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2001ൽ മാത്യു സ്റ്റീഫനെയും 2006ൽ ഡി.ഐ.സി സ്ഥാനാർത്ഥിയായ ഇബ്രാഹിംകുട്ടി കല്ലാറിനെയും 2011ൽ കോൺഗ്രസിലെ അഡ്വ. ജോസി സെബാസ്റ്റ്യനെയുമാണ് ജയചന്ദ്രൻ പരാജയപ്പെടുത്തിയത്. 1996 മുതലുള്ള തിരഞ്ഞെടുപ്പുകളിലാണ് എൻ.ഡി.എ മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുമുണികളുടെയും വോട്ട് ചോർത്തി ബി.ഡി.ജെ.എസിലെ സജി പറമ്പത്ത് 21799 വോട്ട് നേടിയിരുന്നു.
മണിയാശാനെതിരെ ആരുണ്ട്
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും എം.എം. മണി തന്നെയാകും ഉടുമ്പഞ്ചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ജില്ലയിലാദ്യമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ആരംഭിച്ചതും ഉടുമ്പഞ്ചോലയിലായിരന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം മണിയാശാന് വേണ്ടിയുള്ല പ്രചരണം ശക്തമാണ്. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. ഇ.എം. ആഗസ്തി, എം.എൻ. ഗോപി, തോമസ് രാജൻ എന്നിവരുടെ പേരുകളാണ് ഏറ്റവുമൊടുവിൽ പരിഗണിക്കുന്നത്. ഇത്തവണ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് സീറ്റ് വിട്ടുനൽകാനാണ് സാദ്ധ്യത.