ഇ ന്ന് ലോകമെമ്പാടും വനിതാദിനമായി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങൾ, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓർക്കാനും ഓർമപ്പെടുത്താനുമാണ് വനിതാ ദിനം കൊണ്ടാടുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക തുല്യത പുരുഷനോടൊപ്പം ആയിത്തീരണം എന്ന മനുഷ്യ സ്‌നേഹികളുടെ കൂട്ടായ ആലോചനയും പ്രവർത്തനവുമാണ് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കപ്പെടുന്നതിന് വഴിമരുന്നിട്ടത്. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്തിന്റെ പാതിയിലേറെയും വനിതകളാണ്. ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. സമൂഹത്തിലെ ഓരോ പൗരനും ലിംഗസമത്വലോകം കെട്ടിപ്പടുക്കാൻ പ്രതിബദ്ധരാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം.1857 മാർച്ച് 8ന് ന്യൂയോർക്കിൽ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകൾ നടത്തിയ അവകാശങ്ങൾക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീർഘമായ തൊഴിൽ സമയത്തിനെതിരെയും സ്ത്രീകൾ നടത്തിയ ആദ്യ ചെറുത്തു നിൽപ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. യു.എസ്സിൽ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ൽ കോപ്പൻഹേഗനിൽ നടന്ന സമ്മേളനത്തിൽ, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയർന്നു. തുടർന്ന്, 1911 മാർച്ച് 19ന് ജർമ്മനിയും സ്വിറ്റ്സർലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വനിതാ ദിനം ആചരിച്ചു