തൊടുപുഴ: കേരള ശാസത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജനകീയശാസ്ത്ര സാംസ്‌കാരികോത്സവം തൊടുപുഴയിൽ ' വരയും പാട്ടും ' പരിപാടികളായി അവതരിപ്പിച്ചു. മതനിരപേക്ഷ ജനകീയ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനുള്ള ചെറു പരിശ്രമമാണ് ശാസ്ത്ര സാംസ്‌കാരികോത്സവം. വിവിധ ബഹുജന സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ശാസ്ത്ര ക്ലാസുകൾ, വീട്ടുമുറ്റ നാടകങ്ങൾ, ഡിജിറ്റൽ കലാജാഥ, തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്. തൊടുപുഴയിലെ ചിത്രകാരന്മാരെയും സാഹിത്യ പ്രവർത്തകരെയും സംഘടിപ്പിച്ചു കൊണ്ടുള്ള 'വരയും പാട്ടും ' മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വഴിത്തല രവീന്ദ്രൻ നായർ, പി.ഡി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനൂപ് എസ്. സ്വാഗതവും പി.എം. സുകുമാരൻ നന്ദിയും പറഞ്ഞു. ചിത്രകാരന്മാരായ ടോം ജോസഫ്, രതീഷ് ചന്ദ്രൻ, റിനോജ് ജോൺ കുട്ടികളായ അഖില, ദേവനന്ദ, അനുരൂപ് തുടങ്ങിയവരും കൗസല്യ കൃഷ്ണൻ, ഇന്ദിര രവീന്ദ്രൻ കവിതകളും അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി.ഷാജി, എ.എൻ.സോമദാസ്, ഡി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ ശാസ്‌ത്രോത്സവത്തിന് നേതൃത്വം നൽകി.