ഇന്നലെ തൊടുപുഴ ട്രാൻ. ഡിപ്പോയിൽ നിന്ന് നടത്തിയത് 15 സർവീസുകൾ
തൊടുപുഴ: ഞായറാഴ്ചയടക്കമുള്ള അവധി ദിവസങ്ങളിൽ ഗ്രാമീണ മേഖലകളിലേക്ക് ബസ് സർവീസുകളില്ലാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഒരു സർവീസ് നടത്താതെ വരുന്നതോടെ അത്യാവശ്യ കാര്യങ്ങൾക്കായി എവിടെയെങ്കിലും പോകാനിറങ്ങുന്ന സാധാരണക്കാരനാണ് ബുദ്ധിമുട്ടിലാകുന്നത്. ഇന്നലെ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആകെ 15 സർവീസുകൾ മാത്രമാണ് നടത്തിയത്. ആകെ 54 ഷെഡ്യൂളുകളുള്ള ഉണ്ടായിരുന്ന ഡിപ്പോയാണിതെന്ന് ഓർക്കണം. ബസുകളും ഡ്രൈവർമാരും ഉണ്ടെങ്കിലും കണ്ടക്ടർമാരുടെ അഭാവമാണ് സർവീസുകൾ പകുതിയായി കുറയാൻ കാരണം. കണ്ടക്ടർമാരുടെ കുറവിനെ തുടർന്ന് കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് തൊടുപുഴ ഡിപ്പോയിലേക്ക് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും സർവീസ് മുടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ജീവനക്കാരില്ലാത്തതിനാൽ ബസുകൾ ഡിപ്പോയിൽ വെറുതെ കിടക്കുകയാണ്. കൊവിഡ് ലോക്ഡൗണിനെ തുടർന്നാണ് ഗ്രാമീണ സർവീസുകൾ പലതും നിറുത്തിയത്. ചിലത് പുനരാംരംഭിച്ചെങ്കിലും നഷ്ടത്തിെന്റ പേരിൽ നിറുത്തി. കൊവിഡ് പ്രതിസന്ധിക്കാലത്തുണ്ടായിരുന്ന വിലക്കുകൾക്ക് ഇളവുകൾ വന്നതിനാൽ ഒട്ടേറെപേർ പൊതു ഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ സർവീസ് ആരംഭിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് ബുദ്ധിമുട്ടിന് കാരണം. തൊടുപുഴ- പൂമാല റൂട്ടിൽ ഇന്നലെ മൂന്ന് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഒട്ടേറെ പേർ പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന ഇവിടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഇല്ലാതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കളക്ഷൻ കുറവാണെന്ന പേരിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഈ റൂട്ടിൽ സർവീസ് നടത്താറില്ല. അതേ സമയം പത്തോളം സ്വകാര്യ ബസുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. നിറുത്തിവെച്ച കെ.എസ്.ആർ.ടി.സി ബസുകൾ പുനരാംരംഭിക്കാനും സ്വകാര്യ ബസുകൾ കൃത്യമായി സർവീസ് നടത്താനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
താളം തെറ്റുന്ന ഞായറാഴ്ച്ച
ഞായറാഴ്ചകളിൽ പല റൂട്ടുകളിലും ഓർഡനറി സർവീസുകൾ സർവീസിന് അയക്കാത്ത സാഹചര്യവുമുണ്ട്. ഇന്ധന വില വർദ്ധനയുടെയും കളക്ഷൻ കുറവിന്റെയും പേരിൽ സ്വകാര്യ ബസുകളും ഞായറാഴ്ചകളിൽ സർവീസ് മുടക്കുന്നതോടെ പൊതു ഗതാഗത സംവിധാനം തന്നെ താളം തെറ്റുകയാണ്.