തൊടുപുഴ: ആദ്യമത്സരത്തിലെ എതിരാളി രണ്ടാംവട്ട പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് ചുക്കാൻ പിടിച്ച അനുഭവം ഓർമ്മകൾ മറയുമ്പോഴും മെല്ലെ അയവിറക്കാൻ ശ്രമിക്കുകയാണ് മുൻ ഡെപ്യുട്ടി സ്പീക്കറും സി.പി.ഐ നേതാവുമായ സി.എ. കുര്യൻ. മുണ്ടക്കയത്തെ തൊഴിലാളികളാണ് തന്നെ കമ്മ്യൂണിസ്റ്റാക്കിയതെന്ന് അദ്ദേഹം പറയുന്നു. തൊട്ടം തൊഴിലാളികൾ നിർണ്ണായക ശക്തിയായ പിരുമേട്ടിലാണ് 1977ൽ കന്നിമത്സരത്തിനിറങ്ങുന്നത്. സി.പി.ഐയും കോൺഗ്രസും ചേർന്ന മുന്നണിയായിരുന്നു. സി.പി.എം നേതാവ് കെ.എസ്. കൃഷ്ണനായിരുന്നു എതിരാളി. തൊട്ടം തൊഴിലാളികൾ പ്രചരണരംഗത്ത് വലിയ ആവേശത്തിലായിരുന്നു. ലയങ്ങളിൽ ചെല്ലുമ്പോൾ അവർ നൽകുന്ന സ്നേഹം അനുഭവിച്ചറിയുക തന്നെ വേണം. തൊഴിലാളികൾക്കിടയിൽ ട്രേഡ് യുണിയൻ പ്രവർത്തനത്തിനായിട്ടാണ് പിരുമേട്ടിലെത്തുന്നത്. പ്രഥമ മത്സരത്തിൽ 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1980-ൽ ആൻറണി കോൺഗ്രസും ഉൾപ്പെട്ട ഇടതു മുന്നണിയിലാണ് മത്സരിച്ചത്. കോൺഗ്രസിലെ മെക്കിൾ മണർക്കാട് പാപ്പനായിരുന്നു എതിരാളി. അന്ന് എന്റെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് മുൻ എതിരാളി കെ.എസ്.കൃഷ്ണനായിരുന്നു. 3144 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഞാൻ തോൽപ്പിച്ചയാൾ എന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചത് ഒരിക്കലും മറക്കാനാകില്ല. അന്നത്തെ പ്രചരണം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. തേയിലക്കാടുകളേ പ്രകമ്പനം കൊള്ളിച്ച് ശബ്ദമാനമായ പര്യടന കേന്ദ്രങ്ങളിലേക്ക് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഒഴുകിയെത്തുകയായിരുന്നു. ആൻറണി കോൺഗ്രസ് കോൺഗ്രസിൽ ലയിക്കുകയും മാണിയുടെ കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണിയിലെത്തുകയും ചെയ്ത 1982 ലെ മത്സരത്തിൽ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ കെ.കെ. തോമസാണ് വിജയിച്ചത്. 1987ലും 91-ലും എതിരാളി കെ.കെ. തോമസായിരുന്നു വിജയിച്ചത്. 1996-ൽ വീണ്ടും ചെങ്കൊടി പാറി. സി.എ. കുര്യൻ കേരള കോൺഗ്രസ് (ജേക്കബ്ബ്) ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറായി. 2001-ൽ കുര്യനെ 3000 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസ് നേതാവ് അഡ്വ. ഇ.എം. അഗസ്തി മണ്ഡലം തിരിച്ചു പിടിച്ചു. സംഘടന പ്രവർത്തനങ്ങൾക്കിടയിൽ 24 മാസം ജയിൽ വാസവും അനുഭവിച്ചിട്ടുള്ള കുര്യൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം, എ.ഐ.ടി.യു.സി ജനറൽ കൗൺസിൽ മെമ്പർ, പ്ലാൻേഷൻ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.