തൊടുപുഴ: നിരോധിത പ്ലാസ്റ്റിക് കവറുകളുൾപ്പടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ 129 വ്യാപാരസ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാരണം കാണിക്കൽ നോട്ടീസ്. തൊടുപുഴ, കട്ടപ്പന, അടിമാലി, കുമളി, മൂന്നാർ, നെടുങ്കണ്ടം പട്ടണങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് വ്യാപാരസ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിരോധിത ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ ബോർഡിന് വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാകുമെന്ന് ബോർഡിന്റെ ജില്ലാ എൻവയോൺമെന്റൽ എൻജിനീയർ എബി വർഗീസ് പറഞ്ഞു. ആറു കേന്ദ്രങ്ങളിൽ നിന്നായി പിടിച്ചെടുത്ത 165 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തൊടുപുഴ നെടിയശാലയിലുളള ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് റീസൈക്‌ളിംഗ് കേന്ദ്രത്തിന് കൈമാറി. ജില്ലാ ഭരണകൂടം, മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിത കേരളം മിഷൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മുതലായ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡാണ് പരിശോധന നടത്തിയത്. അതിനിടെ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പന കർശനമായി തടയുന്നതിന് റെയ്ഡുകൾ തുടരാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മലിനീകരണ നിയന്ത്രണബോർഡിന് അനുമതി നൽകി.