ഇടുക്കി: മണ്ഡലം രൂപീകൃതമായ കാലഘട്ടം മുതൽ ഇതുവരെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ ഒമ്പത് വട്ടവും ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. ഇടുക്കി ഭരിക്കാൻ പത്തിൽ എട്ടു തവണയും മലകയറിയെത്തിയത് ജില്ലയ്ക്ക് പുറത്തു നിന്നുള്ളവർ. എന്നിട്ടും എട്ടു വട്ടവും കോൺഗ്രസ്, കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ മണ്ഡലം പിന്തുണച്ചു. വി.ടി. സെബാസ്റ്റ്യൻ മത്സരിച്ച 1977 ലെ തിരഞ്ഞെടുപ്പിലും സുലൈമാൻ റാവുത്തർ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച 1996 ലെ തിരഞ്ഞെടുപ്പിലുമാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വിജയിച്ചത്. 1977 ൽ മണ്ഡലം രൂപവൽക്കരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനാണ് ഇടുക്കിയുടെ ആദ്യത്തെ എം.എൽ.എ. തുടർന്ന് 1980 ലും 1982ലും ജോസ് കുറ്റ്യാനി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ൽ വിജയിച്ചത് കോൺഗ്രസിലെ റോസമ്മ ചാക്കോയാണ്. തീപാറിയ ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി പി.പി. സുലൈമാൻ റാവുത്തറും ഇടത് സ്ഥാനാർതിയായി അഡ്വ. മേരി സിറിയക്കുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. റോസമ്മ ചാക്കോയ്ക്ക് 1200 വോട്ടായിരുന്നു ഭൂരിപക്ഷം. ഇടതുപിന്തുണയോടെ മത്സരിച്ച നാട്ടുകാരിയായ മേരി സിറിയക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ച സുലൈമാൻ റാവുത്തറായിരുന്നു 30000 വോട്ട് നേടി രണ്ടാം സ്ഥാനത്ത്.
1991ൽ ജോസഫ് ഗ്രൂപ്പിലെ ജോണി പൂമറ്റത്തെ തോൽപ്പിച്ചാണ് അന്ന് മാണി ഗ്രൂപ്പിലായിരുന്ന മാത്യൂ സ്റ്റീഫൻ എം.എൽ.എയായത്. അട്ടിമറി നടന്ന തിരഞ്ഞെടുപ്പായിരുന്നു 1996 ലേത്. സുലൈമാൻ റാവുത്തർ (ജനതാ ദൾ) ഇവിടെ നിന്ന് എൽ.ഡി.എഫ് ബാനറിൽ മത്സരിച്ചു വിജയിച്ചു നിയമസഭയിൽ എത്തി. കേരള കോൺഗ്രസിലെ ജോയി വെട്ടിക്കുഴിയായിരുന്നു എതിരാളി. അങ്ങനെ ആദ്യമായി മണ്ഡലം യു.ഡി.എഫിന് നഷ്ടമായി. 2001ൽ ത്രികോണ മത്സരമാണ് അരങ്ങേറിയത്. റോഷി അഗസ്റ്റിൻ, പി.പി. സുലൈമാൻ റാവുത്തർ, എം.എസ്. ജോസഫ് എന്നിവർ. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായ റാവുത്തർ ഇക്കുറി മൂന്നാം സ്ഥാനത്തായി. 2006 ൽ റോഷി രണ്ടാം വട്ടം ഇടുക്കിയിൽ മാറ്റുരച്ചപ്പോൾ സി.പി.എമ്മിലെ സി.വി വർഗീസായിരുന്നു എതിരാളി. റോഷിക്ക് ഭൂരിപക്ഷം 13000 വോട്ട്. 2011 ൽ വീണ്ടും സി.വി. വർഗീസുമായി ഏറ്റുമുട്ടി റോഷി വിജയം ആവർത്തിച്ചു. 2016 ൽ നാലാം വട്ടവും റോഷി തന്നെ വിജയിച്ചു. ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജായിരുന്നു എതിരാളി. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി റോഷി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ യു.ഡി.എഫ് കുത്തക തകർക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞതവണത്തെ എതിരാളി ഫ്രാൻസിസ് ജോർജ് തന്നെ മുന്നണി മാറിയെത്തുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്.