മൂലമറ്റം: അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ. വേലുക്കുട്ടൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തത് എ.ഡി.എമ്മിന്റെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വാർഡ് മെമ്പർ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതായി പഞ്ചായത്തിലെ മറ്റ് ചില ഭരണ- പ്രതിപക്ഷ മെമ്പർമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കളക്ട്രേറ്റിൽ വിവരം അറിയിച്ചു. തുടർന്ന് യോഗം നിറുത്തി വയ്ക്കാൻ എ.ഡി.എം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. വാർഡിൽ നടപ്പിലാക്കാനുള്ള വിവിധ പദ്ധതികൾ സംബന്ധിച്ച് ആലോചിക്കാനാണ് വാർഡ് മെമ്പർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തത്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മെമ്പർ ഇത്തരത്തിലുളള യോഗം വിളിച്ചതെന്ന് ഭരണ - പ്രതിപക്ഷാംഗങ്ങൾ പറയുന്നു.
"കൊവിഡ് മൂലം ആഴ്ചകളോളം പഞ്ചായത്ത് ആഫീസ് അടച്ചിട്ടിരുന്നതിനാൽ നടപ്പാക്കാൻ കാലതാമസം നേരിട്ട പദ്ധതികൾ വേഗത്തിലാക്കാനാണ് യോഗം വിളിച്ചത്. യോഗം വിവാദമാക്കിയതിന് പിന്നിൽ അറക്കുളത്തെ രാഷ്ട്രീയ തിമിരം ബാധിച്ച വികസന വിരുദ്ധരായ നേതാക്കളാണ്. "
-പി.എ. വേലുക്കുട്ടൻ (വാർഡ് മെമ്പർ)