കാഞ്ഞാർ: കൂവപ്പള്ളി ജംഗ്ഷന് സമീപം സംസ്ഥാന പാതയിലെ കലുങ്ക് നിർമ്മാണം പുരോഗമിക്കുന്നതിനിടെ സമീപത്ത് ജലവിതരണ പൈപ്പ് പൊട്ടിയത് വെള്ളക്കെട്ടിനും ഗതാഗതകുരുക്കിനും കാരണമായി. കൂവപ്പള്ളി റോഡിലുള്ള പൈപ്പ് പൊട്ടിയാണ് വെള്ളം റോഡിലൂടെ ഒഴുകി കലുങ്ക് പണി നടക്കുന്നിടത്ത് കെട്ടിക്കിടക്കുന്നത്. കൂവപ്പള്ളി ജംഗ്ഷന് സമീപം സംസ്ഥാന പാതയിൽ റോഡ് ഉള്ളിലേക്ക് കുഴിച്ച് കോൺക്രീറ്റ് ചെയ്താണ് വെള്ളമൊഴുക്കാൻ സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ കലുങ്ക് നിർമ്മിക്കണമെന്ന ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി കലുങ്ക് നിർമ്മാണം നടക്കുന്നിടത്ത് കെട്ടി കിടക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അറ്റകുറ്റപണി നടത്തുന്ന കരാറുകാർ സമരത്തിലായതിനാൽ തകരാറിലായ പൈപ്പ് നന്നാക്കാനും സാധിക്കുന്നില്ല. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ എല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് ആയിരകണക്കിന് ലിറ്റർ വെള്ളം നിരത്തിലൂടെ ഒഴുകി പാഴായി പോകുന്നത്.