ഇടുക്കി: തമിഴ് വംശജർ ഏറെയുള്ള ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചിയിക്കാത്തത് നേതാക്കൾക്കും അണികൾക്കും ഒരു പോലെ ആശയക്കുഴപ്പമുണ്ടാക്കുന്നു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. 2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളാണ് ദേവികുളവും പീരുമേടും. മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും ശക്തമായ കരുനീക്കങ്ങൾ നടത്തുന്നുണ്ട്. എസ്. രാജേന്ദ്രൻ ദേവികുളത്ത് നിന്നും ഇ. എസ്.ബിജമോൾ പീരുമേട് നിന്നും ഹാട്രിക്ക് വിജയം നേടി.

രണ്ടും വട്ടം മത്സരിച്ചവരെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് എൽ.ഡി.എഫും തുടർച്ചയായി രണ്ടു തവണ തോറ്റവരെ പരിഗണിക്കേണ്ടതില്ലന്ന യു.ഡി.എഫും നിലപാടെടുത്തതോടെ ദേവികുളത്ത് നിലവിലെ എം.എൽ.എ എസ്. രാജേന്ദ്രനും കോൺഗ്രസിലെ എ.കെ. മണിക്കും സീറ്റ് ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സമാനമാണ് പീരുമേട്ടിലെ കാര്യവും. നിലവിലെ എം.എൽ.എ ഇ.എസ്. ബിജിമോൾക്ക് മൂന്ന് ടേം പൂർത്തിയാക്കിയതിനാലാണ് അവസരം ലഭിക്കാത്തത്. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തി ഇരുവിഭാഗവും നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ആര് ആദ്യം പ്രഖ്യാപനം നടത്തുമെന്ന കാത്തിരിപ്പിലാണ്. ജില്ലയിലെ ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചാരണം തുടങ്ങിയിട്ടും പീരുമേടും ദേവികുളവും സജീവമാകാത്തതിൽ അടിത്തട്ടിലെ പ്രവർത്തകർകിടയിലും അമർഷമുണ്ട്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നതാണ് ഇരു മുന്നണികൾക്കുമുള്ള വെല്ലുവിളി.

ദേവികുളത്ത് ആർ. ഈശ്വരൻ?

ജാതിവോട്ടുകൾ ഏറെ നിർണായകമായ മേഖലയായതിനാൽ ദേവികുളത്ത് അത് അനുസരിച്ചുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഈശ്വരന് സ്ഥാനാർത്ഥിത്വം നൽകാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം. യു.ഡി.എഫിൽ ഡി. കുമാർ, ആർ. രാജാറാം, മുത്തുരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ കുമാറിനും രാജാറാമിനുമാണ് സാധ്യത

പീരുമേട്ടിൽ ജില്ലാ സെക്രട്ടറിയില്ല

പീരുമേട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ രണ്ടു മുന്നണികളിലും തീരുമാനമായില്ല. ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ കൗൺസിലിൽ താൻ മത്സരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വ്യക്തമാക്കിയതായാണ് വിവരം. കൗൺസിൽ ഏകകണ്ഠമായി ശിവരാമനെ പിന്തുണച്ചിട്ടും പാർട്ടിയും മുന്നിയും ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം പൂർത്തിയാക്കേണ്ടതുള്ളതിനാൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്താക്കുകയായിരുന്നു. ഇതോടെ നേരത്തെ പട്ടികയിലുണ്ടായിരുന്ന വാഴൂർ സോമനും ജോസ് ഫിലിപ്പും കൂടാതെ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷിന്റെ പേര് കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ അന്തിമതീരുമാനമെടുക്കും. യു.ഡി.എഫിൽ കഴിഞ്ഞ തവണ നിസാര വോട്ടിന് പരാജയപ്പെട്ട അഡ്വ. സിറിയക് തോമസിനാണ് സാധ്യത കൂടുതൽ. റോയ് കെ. പൗലോസാണ് പട്ടികയിലുള്ള രണ്ടാമൻ.