ചെറുതോണി : കരിക്കിൻമേട് പരുന്തുംപാറയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു.സൂര്യാസ്തമയം ഏറ്റവും നല്ലതുപോലെ കാണാൻ സാധിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് കരിക്കിമേടിനടുത്തുള്ള പരുന്തുംപാറ. കുടുംബസമേതം നിരവധി ആളുകൾ ആണ് വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നത്. എന്നാൽ രാത്രി വൈകി ഇവിടെ എത്തുന്നവർ വെളുപ്പിന് രണ്ടുമണിയോ അതിലധികവും സമയം വരെയാണ് ഇവിടെ ചിലവഴിക്കുന്നത്. കൂടാതെ മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ കൂടുതൽ ആണെന്ന് നാട്ടുകാർ പറയുന്നു. പ്രകാശ്- കരിക്കിൻമേട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടം തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പലപ്പോഴും പൊലീസിനും ഇവിടെ എത്തിച്ചേരുക പ്രയാസമാണ്. പതിമൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഇവിടേക്കുള്ള രാത്രിഏറെ വൈകിയുള്ള പ്രവേശനം തടയാൻ ആർക്കും സാധിച്ചിട്ടില്ല. ചെങ്കുത്തായ പാറകൾ ഉള്ള ഇവിടെ അപകടസാദ്ധ്യത ഏറെയാണ്. ഇവിടേക്ക് രാത്രികാലങ്ങളിൽ ഉള്ള പ്രവേശനം നിർത്തലാക്കുന്നതിനു അധികാരികളുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.