ഇടുക്കി : വൈദ്യുതി ലൈനിന് സമീപമുളള വൃക്ഷശിഖരം മുറിക്കുന്നത് ഇലക്ട്രിക്കൽ സെക്ഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് ഏണി കൊണ്ടുളള മൂന്ന് വൈദ്യുതി അപകടങ്ങളാണ് അടുത്തിടയിൽ തുടർച്ചയായി ഉണ്ടായത്. ഇരുമ്പു ഏണി എടുത്ത് ഉയർത്തിക്കൊണ്ട് പോകുമ്പോഴാണ് ശിരോപരി ലൈനിൽ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത്. നെടുങ്കണ്ടം കൈലാസപ്പാറയിൽ അന്യസംസ്ഥാന തൊഴിലാളിക്കും വണ്ടൻമേട് കുപ്പക്കല്ലിൽ ഒരാൾക്കും ഇങ്ങനെ വൈദ്യുതാഘാതമേറ്റ് മരണം സംഭവിച്ചു. വണ്ടൻമേട് രാജാക്കണ്ടത്ത് മാരകമല്ലാത്ത വൈദ്യുതാപകടവും സംഭവിച്ചു. ലൈനിന് സമീപം ഇരുമ്പ് ഏണി ഉയർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നിർദ്ദേശിച്ചു. ലൈനിന് സമീപമുളള വൃക്ഷ ശിഖരങ്ങൾ മുറിക്കുമ്പോൾ ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷനിൽ വിവരം അറിയിച്ച് അവരുടെ മേൽനോട്ടത്തിൽ വേണം ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു. തോട്ടത്തിനുളളിലൂടെയുളള ലൈനിന് സമീപം ഇരുമ്പു ഏണി കൊണ്ടുളള പ്രവർത്തികൾ ചെയ്യുമ്പോൾ ബന്ധപ്പെട്ട തോട്ടമുടമ അപകടരഹിതമാക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകണം. ഇത്തരം അപകടങ്ങൾക്ക് തോട്ടമുടമ ഉത്തരവാദിയാകുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.