കെ.ഐ. ആന്റണി എൽ.ഡി.എഫ് സ്ഥാനാർത്ഥി
തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളകോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണിയെ നിശ്ചയിച്ചതോടെ തൊടുപുഴ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയെ കൂടി നിശ്ചയിച്ചാൽ ചിത്രം പൂർണമാകും. ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി സീറ്റ് ഏറ്റെടുത്തേക്കും. ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയോ ബിനു ജെ കൈമളോ ആകും സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ജെ. ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലുള്ള ജോസഫ് ഒരാഴ്ച കഴിയും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ. ഔദ്യോഗികപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കെ.ഐ. ആന്റണി പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൊടുപുഴ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ,അദ്ധ്യാപകൻ എന്നീ നിലകളിലുള്ള പ്രവർത്തനമികവ് വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇതാദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
തൊടുപുഴയുടെ സൗമ്യ മുഖം
തൊടുപുഴയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ കെ.ഐ. ആന്റണി തൊടുപുഴയുടെ സൗമ്യ മുഖമാണ്.
ആലക്കോട് പഞ്ചായത്തിലെ തലയനാട് ജനിച്ച് തലയനാട് മാതൃഭവൻ യു.പി സ്‌കൂൾ, കുടയത്തൂർ ഗവ. ഹൈസ്‌കൂൾ, ന്യൂമാൻ കോളേജ്, തൊടുപുഴ എസ്.ബി കോളേജ് ചങ്ങനാശേരി, എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം ബിരുദാനന്തര ബിരുദധാരിയാണ്. 1973ൽ തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മുരിക്കാശ്ശേരി പാവനാത്മാ കോളേജിലും മൂവാറ്റുപുഴ നിർമല കോളേജിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ദീർഘ കാലം കേരള കോൺഗ്രസ് (ജെ) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. 93 മുതൽ 2010 വരെ കേരള കോൺഗ്രസ് എമ്മിന്റെ നിയോജക മണ്ഡലം പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ജെസി ആന്റണി തൊടുപുഴ നഗരസഭയുടെ ആരംഭകാലം മുതലുള്ള കൗൺസിലറും രണ്ട് വട്ടം ചെയർപേഴ്‌സണുമായിരുന്നു. മക്കൾ: ആന്റോ ആന്റണി (സീനിയർ എഡിറ്റർ ബ്ലൂംബർഗ്, മുംബെയ്), മീര ആന്റണി (തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി).