road

ചെറുതോണി: പൈനാവ് കൊക്കരക്കുളം അശോക കവല റോഡു നിർമ്മാണത്തിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതി . 21 കിലോമീറ്റർ റോഡു നിർമ്മിക്കുന്നതിന് 86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ റോഡുനിർമ്മിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഒരു പഞ്ചായത്ത് റോഡു നിർമ്മിക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തുന്നതെന്ന് നാട്ടുകാരാരോപിക്കുന്നു. പലസ്ഥലത്തും നിർമ്മിക്കുന്ന സംരക്ഷണഭിത്തികൾക്ക് പൊക്കത്തിനാനുപാതികമായി വീതിയില്ലാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഉയരംകൂടുതലുള്ള സ്ഥലങ്ങളിൽ പൊക്കത്തിന്റെ പകുതി വീതി വേണമെന്നാണ് നിയമം. എന്നാൽ റോഡുനിർമ്മാണത്തിൽ ഇതുപാലിച്ചിട്ടില്ല. പല സ്ഥലത്തും അടിഭാഗത്തെ വീതിയാണ് മുകൾഭാഗത്തുമുള്ളത്. ഇങ്ങനെ നിർമ്മാണം നടത്തിയാൽ കാലക്രമേണ മഴക്കാലത്ത് ഇതിടിഞ്ഞുപോകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തിക്കുപയോഗിക്കുന്ന വല, കോൺക്രീറ്റ് എന്നിവ ഗുണനിലവാരമില്ല. ഇവിടെ നിർമ്മിച്ചിട്ടുള്ള 16 സംരക്ഷണഭിത്തികൾ പൊളിച്ചുപണിയണമെന്ന് നിർദ്ദേശമുണ്ടായിട്ടും ഒരെണ്ണം മാത്രമാണ് പൊളിച്ചതെന്നും നാട്ടുകാർ പറയുന്നു. റോഡിൽ നിലവിലുണ്ടായിരുന്ന കലിങ്കുകൾ പൊളിച്ചുമാറ്റിയശേഷം മോശമായ കലിങ്കുകളാണിവിടെ നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണ ത്തിലെ അപാകതകൾ സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് രേഖാമൂലം പരാതികൾ നൽകിയിട്ടും യാതോരു നടപടിയുമെടുത്തിട്ടില്ല. നിർമ്മാണത്തിലെ അപാകതകൾപരിഹരിച്ച് സർക്കാർ നിർദ്ദേശാനുസരണം റോഡുനിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ വിജിലൻസുൾ പ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് പരാതിനൽകാനാണ് നാട്ടുകാരുടെ തീരുമാനം.