ഇടുക്കി: പീരുമേട് നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വാഴൂർ സോമനെ പ്രഖ്യാപിച്ചു. നിലവിൽ വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനാണ് വാഴൂർ സോമൻ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സജീവമായി പരിഗണിച്ചിരുന്ന പേരായിരുന്നു വാഴൂർ സോമന്റേത്. ഇത്തവണ മൂന്ന് വട്ടം എം.എൽ.എയായ ബിജിമോൾ മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെയാണ് അദ്ദേഹത്തിന് അവസരം കൈവന്നത്. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെയടക്കം പലരുടെയും പേരുകൾ ഉയർന്ന് വന്നിരുന്നു. തിങ്കളാഴ്ച ചേർന്ന സി.പി.ഐ ജില്ലാ കൗൺസിലിൽ താൻ മത്സരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വാഴൂർ സോമൻ, ജോസ് ഫിലിപ്പ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷ് എന്നിവരുടെ പേരുകളാണ് സംസ്ഥാന കൗൺസിലിന് നൽകിയത്. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ വാഴൂർ സോമനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ നിസാര വോട്ടിന് പരാജയപ്പെട്ട അഡ്വ. സിറിയക് തോമസിനാണ് സാധ്യത കൂടുതൽ. റോയ് കെ. പൗലോസാണ് പട്ടികയിലുള്ള രണ്ടാമൻ.

ബി.ജെ.പി സ്ഥാനാർത്ഥിയായി സി. സന്തോഷ്‌കുമാർ, ശ്രീനഗരി രാജൻ, ബിനു ജെ കൈമൾ, ജെ. ജയകുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇന്ന് അന്തിമതീരുമാനമായേക്കും.

തൊഴിലാളി നേതാവിൽ നിന്ന് മത്സരരംഗത്തേക്ക്

1952ൽ കോട്ടയം വാഴൂരിൽ കുഞ്ഞു പാപ്പന്റെയും പാർവതിയമ്മയുടെയും ഏഴ് മക്കളിൽ ആറാമനായാണ് സോമന്റെ ജനനം. വാഴൂർ എൻ.എസ്.എസ് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം എൻ എസ് എസ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. കോട്ടയം കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ഡിപ്ലോമയും മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ സൈക്കോളജിയിൽ ഡിപ്ലോമയും നേടി. കഴിഞ്ഞ നാല് പതിറ്റാണ്ടായി തോട്ടം തൊഴിലാളികൾക്കിടയിലെ നിറസാദ്ധ്യമാണ് വാഴൂർ സോമൻ. പി.കെ.വിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് പൂർണ രാഷ്ട്രീയ പ്രവർത്തകനായത്. എ.ഐ.എസ്.എഫിലൂടെ വളർന്ന് വന്ന വാഴൂർ പീരുമേട്ടിൽ തോട്ടം തൊഴിലാളികളുടെ ഇടയിൽ 1977 മുതൽ എച്ച്.ഇ.എൽ യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. ക്രൂര പൊലീസ് മർദ്ദനത്തിന് പല തവണ ഇരയായിട്ടുണ്ട്. മണ്ഡലം കമ്മറ്റിയംഗവും പിന്നീട് ജില്ലാ കമ്മറ്റിയിലും ജില്ലാ കൗൺസിലുമെത്തി. അധികം വൈകാതെ സംസ്ഥാന നേതൃത്വത്തിലെത്തി. തുടർച്ചയായി എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി. 2005ൽ വണ്ടിപ്പെരിയാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി. 2016ൽ വെയർഹൗസിംഗ് ചെയർമാനായി.