സ്വന്തം തട്ടകമായ തൊടുപുഴയിൽ പി.ജെ. ജോസഫ് 11-ാം വട്ടം അങ്കത്തിനിറങ്ങുന്നു. പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂൺ 28ന് ജനിച്ച ജോസഫ് പുറപ്പുഴ ഗവ. എൽ.പി.എസ്., സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്., കോട്ടയം എസ്.എച്ച്. മൗണ്ട് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചങ്ങനാശ്ശേരി എസ്.ബി കോളേജ്, മദ്രാസ് ലയോള കോളേജ്, തേവര എസ്.എച്ച്. കോളേജ് എന്നിവിടങ്ങളിലായി സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1970 ലും 77ലും തൊടുപുഴയിൽ നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978ൽ ആഭ്യന്തര മന്ത്രിയായി. 1979ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി. 1980 ൽ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സ്ഥാപക കൺവീനറായി. 1980 ൽ തൊടുപുഴയിൽ നിന്ന് വിജയിച്ച പി.ജെ. കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായിരുന്നു. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ റവന്യു, വിദ്യാഭ്യാസ എക്‌സൈസ് വകുപ്പു മന്ത്രിയായി. 1982- 87ൽ റവന്യൂഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. 1987ലും പി.ജെ. തൊടുപുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1996ൽ വിജയിച്ച് വിദ്യാഭ്യാസ പൊതുമരാമത്ത് രജിസ്‌ട്രേഷൻ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. 2006ൽ വീണ്ടും പൊതുമരാമത്ത് വകുപ്പു മന്ത്രിയായെങ്കിലും സെപ്തംബർ നാലിനു രാജിവച്ചു. തുടർന്ന് വീണ്ടും 2009 ആഗസ്റ്റ് 17ന് മന്ത്രിസ്ഥാനമേറ്റു. കേരള കോൺഗ്രസ് ഐക്യം യാഥാർത്ഥ്യമാക്കാൻ 2010 മാർച്ചിൽ മന്ത്രിസ്ഥാനം രാജിവച്ച് എൽ.ഡി.എഫ് വിട്ടു. 2016 ൽ വീണ്ടും കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഡോ. ശാന്ത ആരോഗ്യ വകുപ്പ് അഡീഷ്ണൽ ഡയറക്ടറായാണ് വിരമിച്ചത്. മക്കൾ: അപ്പു, യമുന, ആന്റണി, പരേതനായ ജോ.