വെള്ളിയാമറ്റം: പൂച്ചപ്ര കാകാളം ഭാഗത്ത് ചേലപ്ലാക്കൽ ഗംഗാധരന്റെ പലചരക്ക് കട വോൾട്ടേജ് കൂടുതൽ പ്രവഹിച്ചതിനെ തുടർന്ന് കത്തിനശിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും റബർ, മലഞ്ചരക്ക്, പലചരക്ക് ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. കടയ്ക്കും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രാത്രി എട്ടിന് കടയടച്ച് പോയതിനുശേഷം ഒമ്പത് മണിയോടെ കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും കണ്ടു സമീപവാസികളായ കുട്ടികൾ താഴ് തല്ലി തകർത്താണ് തീയണയ്ക്കാൻ ശ്രമിച്ചത്. വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം തീ നിയന്ത്രണ വിധേയമാക്കി. ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമീപ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ബൾബുകളും വോൾട്ടേജ് കൂടി വന്നതിനാൽ കേടുപാടുകൾ ഉണ്ടായി. വോൾട്ടേജ് വ്യതിയാനം പരിഹരിക്കുന്നതിനായി ട്രാൻസ്‌ഫോമർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്. ഫയർഫോഴ്‌സും കാഞ്ഞാർ പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു കേസെടുത്തു.