ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ മാസ് വാക്‌സിനേഷൻ ക്യാമ്പുമായി ആരോഗ്യ വകുപ്പ്. വാക്‌സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം ജില്ലയിൽ താരതമ്യേനേ കുറവായതിനാലാണ് മാസ് വാക്‌സിനേഷൻ സജ്ജികരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ച ശേഷം 10 ദിവസം പിന്നിടുമ്പോൾ ഇതുവരെ 6,000 താഴെയാളുകൾ മാത്രമാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവർ ഏതാണ്ട് മൂന്ന് ലക്ഷത്തിന് മുകളിൽ വരുമ്പോഴാണിത്. സ്വകാര്യ മേഖലയിലെയടക്കം 43 ആശുപത്രികളിലാണ് നിലവിൽ വാക്സ്‌കിൻ നൽകുന്നത്. ജില്ലാ കളക്ടർ എച്ച്. ദിനശേന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് മാസ് വാക്‌സിനേഷൻ ക്യാമ്പ് സജ്ജീകരിക്കാൻ യോഗം തീരുമാനിച്ചത്. വയോധികർക്കടക്കം പരമാവധി പൊതുജനങ്ങൾക്ക് വാക്‌സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മാസ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടം തൊടുപുഴയിൽ
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് മാസ് വാക്‌സിനേഷൻ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ 12, 13 തിയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ മാസ് വാക്‌സിനേഷൻ നടത്തും. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും കൂടാതെ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. വയോധികർക്ക് മാസ് വാക്‌സിനേഷനിൽ മുൻഗണനയുണ്ട്. തുടർന്നു വരുന്ന ആഴ്ചകളിൽ ജില്ലയിലെ അഞ്ച് താലുക്കുകളിലും മാസ് വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. സുഷമ അറിയിച്ചു. ആളുകൾക്ക് എത്താൻ സൗകര്യമുള്ള പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാകും മാസ് വാക്‌സിനേഷൻ നടക്കുക. ഒരു സമയത്ത് 10 പേർക്ക് വരെ വാക്‌സിൻ നൽകാനും ഇവർക്ക് വിശ്രമിക്കാനും വേണ്ട സൗകര്യവും ഒരുക്കുന്നുണ്ട്. ആയിരത്തിലധികം പേരെയാണ് ആരോഗ്യ വകുപ്പ് ഒരു ദിവസം പ്രതീക്ഷിക്കുന്നത്.
തിരിച്ചറിയാൽ കാർഡ് നിർബന്ധം
വാക്‌സിനേഷനു വരുന്നവർ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുമായി വരേണ്ടതാണ്.(ആധാർ, വോട്ടേർസ് ഐ.ഡി., ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ) www.cowin.gov.in എന്ന വെബ്‌സൈറ്റിൽ ആണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.