യുവ വോട്ടർമാരുടെ എണ്ണത്തിൽ കുറവ്

തൊടുപുഴ: ജില്ലയിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടെ കണക്കിൽ യുവാക്കളുടെ എണ്ണത്തിൽ വൻ കുറവ്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം ലഭ്യമായ കണക്ക് പ്രകാരം 18- 19 പ്രായമുള്ളവരിൽ 27 ശതമാനം പേർ മാത്രമാണ് പേര് ചേർത്തിരിക്കുന്നത്. സാധാരണ നിലയിൽ 18- 19 വയസ് പ്രായമുള്ളവരാണ് വോട്ടർ പട്ടികയിൽ അധികമായി പേര് ചേർക്കുന്നത്. 2019ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നതിനാൽ അന്ന് ഈ പ്രായമെത്തിയവരിൽ വലിയൊരു വിഭാഗം പേര് ചേർത്തിരുന്നു. പിന്നീടുള്ള രണ്ട് വർഷത്തിനിടെ പ്രായപൂർത്തിയായവരാണ് പേര് ചേർക്കുന്നതിൽ നിന്ന് കൂടുതലായും മാറി നിന്നത്. ജില്ലയിലാകെ ഈ പ്രായപരിധിയിൽ വരുന്ന 28,135 പേർ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതിൽ 6463 പേരാണ് പേര് ചേർത്തിരിക്കുന്നത്. ബുധനാഴ്ച പേര് ചേർക്കുന്നതിനുള്ള സമയം അവസാനിച്ചു. 50% താഴെ യുവാക്കൾ മാത്രമെ ഇത്തവണ പരമവാധി പുതിയതായി പേര് ചേർത്തതിൽ ഉൾപ്പെടൂവെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. കൊവിഡ്- 19 മൂലം വേണ്ട വിധത്തിലുള്ള പ്രചാരണം നടത്താനാകാതെ വന്നതാണ് ഇതിന് കാരണം. കോളേജുകൾ അടഞ്ഞ് കിടന്നതിനാൽ ഇതുവഴിയും യുവാക്കളെ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർക്കാനായില്ല. സാധാരണയായി ഉദ്യോഗസ്ഥർ കോളേജുകളിലെത്തി രേഖകൾ സ്വീകരിച്ച് പേര് ചേർക്കുന്ന പതിവും ഇതിനാൽ നടന്നില്ല.

ആകെ വോട്ടർമാരിലും കുറവ്

2016നെ അപേക്ഷിച്ച് ജില്ലയിലെ മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ 11,382 വോട്ടർമാരുടെ കുറവ് കഴിഞ്ഞമാസം അവസാനം പുറത്ത് വിട്ട കണക്കിലുണ്ട്. 87,47,57 വോട്ടർമാരാണ് ഇത് പ്രകാരം ജില്ലയിലുള്ളത്. സ്ഥലത്ത് താമസില്ലാത്തതും മരിച്ച് പോയതുമായ 9000 പേരെയാണ് പട്ടികയിൽ നിന്ന് അടുത്തിടെ മാത്രം നീക്കിയത്.