നെടുങ്കണ്ടം: സി.പി.എം ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായ എം.എം. മണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. നിയമസഭയിലേക്ക് ഇത് മൂന്നാംവട്ടമാണ് മണിയാശാൻ അങ്കംകുറിക്കുന്നത്. 1996ൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് 2016ൽ വിജയിച്ച് സംസ്ഥാന വൈദ്യുതി മന്ത്രിയായി. മണി തന്നെയാണ് ഉടുമ്പഞ്ചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് അറിയാമായിരുന്നതിനാൽ പ്രവർത്തകർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയടക്കം പ്രചരണം ആരംഭിച്ചിരുന്നു. ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസും ആരംഭിച്ചത് ഉടുമ്പഞ്ചോലയിലായിരുന്നു. ഇന്നലെ മണി രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. തോട്ടം തൊഴിലാളികളെയും മറ്റും കണ്ട് ഖജനാപ്പാറയിൽ നിന്ന് തുടങ്ങിയ പര്യടനത്തിൽ പൊതു സ്ഥാപനങ്ങൾ, മത സമുദായ സ്ഥാപനങ്ങൾ, പ്രമുഖ വ്യക്തികൾ, വ്യാപാരി നേതാക്കൾ തുടങ്ങിയവരെ കണ്ട് സഹായം തേടി. ഗ്രാമ- ബ്ലോക്ക് ജില്ലാ പഞ്ചായത്തംഗങ്ങളും നേതാക്കളും എം.എം. മണിയെ അനുഗമിച്ചു. ഇന്ന് രാവിലെ ഇരട്ടയാർ പഞ്ചായത്തിലും ഉച്ച കഴിഞ്ഞ് വണ്ടൻ മേട് പഞ്ചായത്തിലും എം.എം. മണിയെത്തും. തനിക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നും തൊടുപുഴയടക്കം ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും എം.എം. മണി പറഞ്ഞു.