തൊടുപുഴ: ജില്ലയിലെ ദേവികുളമൊഴിച്ച് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥിയാരെന്ന് വ്യക്തമായി. എന്നാൽ തൊടുപുഴയിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായത്. ബാക്കിയുള്ള സീറ്റുകളിലെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അപ്രതീക്ഷിത ട്വിസ്റ്റ് ആകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടുക്കി കോൺഗ്രസിന് വിട്ടുനൽകി മൂവാറ്റുപുഴ ഏറ്റെടുക്കാൻ കേരള കോൺഗ്രസ് ഇപ്പോഴും ശ്രമം തുടരുന്നതായാണ് വിവരം. ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാനിരുന്ന ഫ്രാൻസിസ് ജോർജിനെ മൂവാറ്റുപുഴ നൽകും. പകരം ജോസഫ് വാഴയ്ക്കന് ചങ്ങനാശേരിയോ കാഞ്ഞിരപ്പിള്ളിയോ വിട്ടുനൽകിയേക്കും. എന്നാൽ സ്ഥാനാർത്ഥിനിർണയം വൈകുന്നതിൽ യു.ഡി.എഫ് പ്രവർത്തകർ അക്ഷമരാണ്. ഇടുക്കിയിൽ റോഷി അഗസ്റ്റ്യൻ പ്രവർത്തനം ആരംഭിച്ചു. മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോല മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥിയാരെന്ന് തീരുമാനമായിട്ടില്ല. സേനാപതി വേണു, എം.എൻ. ഗോപി, ഇ.എം. ആഗസ്തി എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് ആകും മണ്ഡലത്തിൽ മത്സരിക്കുക. പീരുമേട് വാഴൂർ സോമനെതിരായി എതിർസ്ഥാനാർഥിയായി സിറിയക് തോമസോ റോയ്.കെ പൗലോസോ എത്തും. എൽ.ഡി.എഫിനു വേണ്ടി പുതുമുഖമായിരിക്കും ദേവികുളത്ത് മത്സരിക്കാനിറങ്ങുക. എ. രാജ, ആർ. ഈശ്വർ എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മറ്റിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ഡി.കുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന നേതാവ് രാജാറാം എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.