ഇടുക്കി: ഇപ്പോൾ ഒരുമിച്ചായ സി.പി.എമ്മും സി.പി.ഐയും പരസ്പരം കൊണ്ടുംകൊടുത്തും ജയപരാജയമറിഞ്ഞ മണ്ഡലമാണ് പീരുമേട്. 1965 മുതൽ ഇതുവരെ വലതുപക്ഷം പീരുമേട്ടിൽ വിജയിച്ചത് നാല് തവണ മാത്രമാണ്. കോൺഗ്രസിലെ കെ.കെ. തോമസ് മൂന്ന് വട്ടം വിജയിച്ച മണ്ഡലത്തിൽ ഇ.എം. ആഗസ്തിക്ക് ശേഷം ഒരു കോൺഗ്രസുകാരനും ഇവിടെ നിന്ന് എം.എൽ.എയാകാൻ സാധിച്ചിട്ടില്ല. ഇടതുപക്ഷത്തുനിന്ന് തുടരെ മൂന്നു വട്ടം വിജയിച്ചത് സി.പി.എമ്മിലെ കെ.ഐ. രാജനും സി.പി.ഐക്കാരിയായ നിലവിലെ എം.എൽ.എ ഇ.എസ് ബിജിമോളുമാണ്. ഇടവിട്ടാണെങ്കിലും സി.പി.ഐയിലെ സി.എ. കുര്യനും മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പീരുമേടിന്റെ പ്രതിനിധിയായി നിയമസഭ ഡെ.സ്പീക്കറുമായി കുര്യൻ. ഇത്തവണ ബിജിമോൾക്ക് പകരം മണ്ഡലം നിലനിറുത്താൻ സി.പി.ഐ നിയോഗിച്ചിരിക്കുന്നത് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനായ വാഴൂർ സോമനെയാണ്. മുൻ എം.എൽ.എ കെ.കെ. തോമസിെന്റ മകനും കഴി‌ഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് പരാജയപ്പെടുകയും ചെയ്ത അഡ്വ. സിറിയക്ക് തോമസിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യപരിഗണന. റോയ് കെ. പൗലോസും പരിഗണനയിലുണ്ട്. താമസിയാതെ അന്തിമതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിൽ ആകെയുള്ള ഒമ്പത് പഞ്ചായത്തുകളിൽ ആറും ഇത്തവണ എൽ.ഡി.എഫിനാണ്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തുകളിലും ലീഡ് കരസ്ഥമാക്കിയ യു.ഡി.എഫിനാണ് ത്രിതല പഞ്ചായത്തിൽ അടിതെറ്റിയത്. ജില്ല പഞ്ചായത്ത് ഡിവിഷനുകളും പുറമെ ബ്ലോക് പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു. മണ്ഡല രൂപവത്കരണത്തിന് ശേഷം 1965 ലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. സംവരണ മണ്ഡലമായിരുന്ന പീരുമേട്ടിൽ കോൺഗ്രസിലെ എൻ. ഗണപതിയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ കെ.ഐ രാജനാണ് ആദ്യ എം.എൽ.എയായത്. പിന്നീട് തുടർച്ചയായി 1967, 1970 തിരഞ്ഞെടുപ്പുകളിലും കെ.ഐ. രാജൻ തന്നെ വിജയിച്ചു. 2001 ൽ സി.എ. കുര്യനെ പരാജയപ്പെടുത്തിയെങ്കിലും 2006ലും 2011ലും ബിജിമോളോട് പരാജയപ്പെട്ടു. 1982, 1987, 1991 തിരഞ്ഞെടുപ്പുകളിലാണ് കെ.കെ. തോമസ് വിജയിച്ചത്. സി.പി.ഐയിലെ സി.എ. കുര്യനായിരുന്നു മൂന്നു തവണയും എതിരാളി. കെ.കെ. തോമസിനെ മാറ്റി 1996 ൽ രംഗത്തിറക്കിയ കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫൻ 2407 വോട്ടിന് സി.എ കുര്യന് മുന്നിൽ പരാജയപ്പെട്ടതും മണ്ഡല ചരിത്രം.