ചെറുതോണി: ടൗണിൽ വാഹനങ്ങളും ബൈക്കുകളും അനധികൃതമായി പാർക്കുചെയ്യുന്നതുമൂലം കാൽനടയാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടുന്നു. പ്രളയകെടുതിയെത്തുടർന്ന് താൽക്കാലിക ബസ് സ്റ്റാന്റും പേ ആന്റ് പാർക്കു സംവിധാനവും നഷ്ടപ്പെട്ടതോടെയാണ് വാഹനങ്ങൾ ടൗണിൽ കടകൾക്കുമുമ്പിൽ പാർക്കുചെയ്യാൻ തുടങ്ങിയത്. ചെറുതോണി ടൗണിലൂടെ ദിവസേന വിവിധ പ്രദേശങ്ങളിലേക്ക് നൂറുകണക്കിനു ബസുകളും ചെറുവാഹനങ്ങളും വന്നുപോകുന്നുണ്ട്. ഓട്ടോറിക്ഷയുൾപ്പെടെ ടാക്‌സി വാഹനങ്ങളും ചെറുതോണി ടൗണിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത് ഒരേസമയം നിരവധി വാഹനങ്ങൾ ടൗണിലെത്തുമ്പോൾ ഗതാഗത കുരുക്കും കൂടി . ഇതിനിടെ നൂറുകണക്കിനു ബൈക്കുകളും ടൗണിൽ പാർക്കുചെയ്യുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ടൗണിൽ നിന്നുമാറി വാഹനങ്ങൾ പാർക്കുചെയ്യാൻ സൗകര്യമുണ്ടെങ്കിലും പലരും കടകൾക്കുമുമ്പിലാണ് വാഹനം പാർക്കുചെയ്യുന്നത് ഇതു വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊലീസ് ,ആർ.റ്റി.ഒ, പഞ്ചായത്തധികാരികൾ ഇടപെട്ട് ഗതാഗത തടസം പരിഹരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.