ചെറുതോണി:പട്ടയഭൂമിയിലെ നിർമാണ നിരോധനം സംസ്ഥാനത്താകെ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കോൺഗ്രസ് കുടിയേറ്റ കർഷകർക്കെതിരെ ബാഹ്യശക്തികളുമായി ചേർന്ന് നടത്തുന്ന ആസൂത്രിത നീക്കം പുറത്തുവന്നുവെന്ന് സിപി എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു.
പട്ടയഭൂമിയിൽ വീട് ഒഴികെയുള്ള നിർമാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ 2020 ജൂൺ 25 ലെ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അടിമാലി കൂമ്പൻപാറ സ്വദേശി മേരി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് റവന്യു, തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാർക്ക് കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവ് ഇറക്കേണ്ടിവന്നു.
1964 ലെയും 1993 ലെയും ചട്ടമനുസരിച്ച് കൃഷിക്കും വീടുവയ്ക്കുന്നതിനുമാണ് ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. ഭൂമി വാണിജ്യ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുള്ളത് തടയണമെന്ന ആവശ്യം ആദ്യമായി ഹൈക്കോടതിയിൽ ഉന്നയിക്കുന്നത് 2013 ൽ യുഡിഎഫിന്റെ സ്‌പെഷ്യൽ റവന്യൂ പബ്ലിക് പ്രോസിക്യൂട്ടർ സുശീലാ ഭട്ടാണ്. അടൂർ പ്രകാശ് റവന്യു മന്ത്രിയായിരിക്കെയാണ് ഇടുക്കിക്കാർക്ക് എതിരായ ഈ പരാമർശം ഉണ്ടാകുന്നത്. ഇതിനുശേഷം മൂന്നാറിലെ എട്ടു വില്ലേജിൽ നിർമാണ നിരോധനം ഏർപ്പെടുത്തി 2016 മേയ് 20 ന്, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും അടൂർ പ്രകാശ് റവന്യു മന്ത്രിയുമായിരിക്കെ ഇടുക്കി കലക്ടർക്ക് ഉത്തരവുനൽകി.
യൂത്ത് കോൺഗ്രസ് 2015 ൽ വിജിലൻസിനു നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. പള്ളിവാസലിലെ നിർമാണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവായ ബിജോ മാണിയാണ് പരാതി നൽകിയത്. തുടർന്ന് ചട്ടം ലംഘിച്ച ഭൂമി കണ്ടുകെട്ടാൻ വിജിലൻസ് കലളക്ടർക്ക് നിർദ്ദേശം നൽകി. ഇതിനു ശേഷമാണ് ജില്ലയിലെ 48 വില്ലേജിലും ഈ നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതി വിധിച്ചത്. നിയമം സംസ്ഥാനത്താകെ നടപ്പാക്കണമെന്നും നിർമാണ നിരോധനം കേരളത്തിനാകെ ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ബൈസൺവാലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ലാലി ജോർജാണ് ഹൈക്കോടതിയെ സമീപിച്ചത്. കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണ് ഈ കേസിൽ കോടതിയിൽ ഹാജരായത്.
എന്നാൽ കർഷകർക്കെതിരായ വിധി സർക്കാർ നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. 2020 ആഗസ്ത് 26ന് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി. എന്നിട്ടും സർക്കാർ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം അടിമാലിയിലെ കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ച് ഉത്തരവു സമ്പാദിച്ചത്.
അതേസമയം ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചത് പിണറായി സർക്കാരാണ്. പട്ടയം ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാൻ അനുമതിനൽകി, പട്ടയത്തിനുള്ള വരുമാനപരിധി നീക്കംചെയ്തു. പതിച്ചുകിട്ടാവുന്ന ഭൂമിയുടെ പരിധി നാലേക്കറായി ഉയർത്തി. ഇരട്ടയാറിലെ പത്തു ചെയിൻ മേഖലയിൽ മുഴുവൻ പേർക്കും പട്ടയംനൽകി. ഏലമല പ്രദേശം റവന്യൂ ഭൂമിയാണെന്ന് ഉത്തരവിറക്കി. ഇടുക്കി, കഞ്ഞിക്കുഴി, ഉടുമ്പന്നൂർ വില്ലേജികളിൽ ഉൾപ്പടെ ജില്ലയിൽ 33,000 പേർക്ക് പട്ടയം നൽകി. ജനങ്ങളുടെ പ്രതീക്ഷകളും കർഷകരുടെ സ്വപ്നങ്ങളും യാഥാർഥ്യമാക്കിയ സർക്കാരിന് ജില്ലയിലെ ജനങ്ങൾ വൻ വിജയം ഉറപ്പാക്കുമെന്നും സിപി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.