smoke

ഇടുക്കി ഗോൾഡെന്ന പേരിൽ സ്വന്തമായി കഞ്ചാവിന് ബ്രാൻഡുള്ള ജില്ലയാണ് ഇടുക്കി. ഒരു കാലത്ത് ഹൈറേഞ്ചിലെ വനമേഖലകളിൽ ആരും എത്തിപ്പെടാത്ത പ്രദേശത്ത് കൃഷി ചെയ്ത് ഉണ്ടാക്കിയിരുന്ന നീലചടയന് രാജ്യത്തെമ്പാടും ലഹരി ഉപയോക്താക്കൾക്കിടയിൽ വൻ ഡിമാൻഡായിരുന്നു. ആ ഗോൾഡൻ കാലഘട്ടം അവസാനിച്ചെന്നും ഇപ്പോൾ ഇടുക്കിയിൽ ഒരിടത്തും കഞ്ചാവ് കൃഷിയില്ലെന്നുമാണ് എക്സൈസ് അവകാശപ്പെടുന്നത്. എന്നാൽ കൃഷിയില്ലെങ്കിലും ഇടുക്കി ലഹരിയുടെ ഹബ്ബായി മാറുകയാണെന്നാണ് ഓരോ ദിവസവും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. വാഗമൺ ലഹരി നിശാ പാർട്ടിയടക്കം വൻ ലഹരിവേട്ടയാണ് അടുത്തകാലത്ത് ഇടുക്കിയിലുണ്ടായത്. ഏറ്റവും ഒടുവിലെ സംഭവമാണ് മാർച്ച് നാലിന് വട്ടവട പഴത്തോട്ടത്ത് എം.ഡി.എം.എയും എൽ.എസ്.ഡിയും അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി മൂന്നുപേർ അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ 20ന് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി നിശാപാർട്ടിക്ക് എത്തിയ വനിതകളടക്കം 58 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വലിയ വാർത്തയായിരുന്നു. ഇവരുടെ പക്കൽ നിന്ന് എൽ.എസ്.ഡി, ഹാഷിഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പൊലീസ് പിടികൂടിയത്. ഇതിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ പുതുവത്സരദിനമായ ജനുവരി ഒന്നിന് 10.5 കിലോ കഞ്ചാവുമായി കൊന്നത്തടിയിൽ നിന്ന് നാലുപേർ പിടിയിലായിരുന്നു. ഫെബ്രുവരി ഏഴിന് വണ്ടന്മേടിന് സമീപം ആമയാറിൽ 16.5 കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. ഫെബ്രുവരി 26ന് കുമളിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമടക്കം ഒന്നരക്കോടി രൂപയുടെ ലഹരി മരുന്നുമായി മൂന്നുപേർ പിടിയിലായിരുന്നു. മൂന്ന് മാസത്തിനിടെ നടന്ന വൻലഹരി വേട്ടകൾ മാത്രമാണിത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആഡംബര കാറുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഒരേസമയം വിവിധ കാറുകൾ ഇവർ കടത്തലിനായി ഉപയോഗിക്കും. ഏതെങ്കിലും വിധത്തിൽ ലഹരി കൊണ്ടുവരുന്ന കാറിന്റെ വിവരം ചോർന്നാൽ ഉടനെ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് സാധനം മാറ്റും. വാഹനത്തിന്റെ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും. സമാന രീതിയിൽ ബൈക്ക് മാർഗവും സംഘങ്ങൾ ലഹരി കടത്തുന്നുണ്ട്.

കഞ്ചാവ് പോലുള്ള നാച്വറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം.

അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉയർന്ന ലഹരി വസ്തുവാണ് 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന എം.ഡി.എം.എ. കൽക്കണ്ടം പോലെ ക്രിസ്റ്റൽ രൂപമാണിതിന്. ഇത് വെറും 10 ഗ്രാം പോലും കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്.

ലോക്ക്ഡൗൺ കാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതോടെ മോഷണവും ഗുണ്ടാ ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി നടന്നവർ പലരും ലഹരി മേഖലയിലേക്ക് കടന്നതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മറ്റ് വരുമാനങ്ങൾ കുറഞ്ഞതോടെ എളുപ്പത്തിൽ പണമുണ്ടാക്കാനായി കുറ്റവാളികളായ യുവാക്കൾ വൻതോതിൽ ലഹരി കടത്ത് ആരംഭിച്ചത്രേ.

സ്കൂളുകളിലും കഴുകന്മാർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ ശക്തമാണ്. സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മിഠായികളും സജീവമാണ്. ലഹരിക്ക് പണം കണ്ടെത്താൻ മോഷ്ടാക്കളായ കുട്ടികളും നിരവധി. കഞ്ചാവ് വില്‌പനക്കാർക്ക് വിദ്യാർത്ഥികൾ മണിചെയിൻ പോലെ നേട്ടം കൊയ്യാവുന്ന ശൃംഖലയാണ്. ഒരു പ്ലസ്ടു വിദ്യാർത്ഥിയെ വളച്ചെടുത്താൽ മതി. സ്‌കൂളിലെ മറ്റ് കുട്ടികൾ എളുപ്പം വലയിലാകും. ലഹരിക്ക് അടിമയായാൽ പിന്നെ അത് ലഭിക്കാൻ ചില്ലറ വിൽപ്പനക്കാരനാകാൻ അവൻ തയ്യാറാകും. അവന്റെയൊപ്പവും താഴെ ക്ലാസിലുള്ളവരുമായ കുട്ടികളെ വശീകരിക്കും. അഞ്ച് പൊതി വിറ്രാൽ ഒന്ന് അവന് ഫ്രീ. ഈ ചെയിൻ നീണ്ടുപോകും. അപ്പോഴേക്കും ആദ്യത്തെ ചില്ലറകച്ചവടക്കാരൻ മൊത്തകച്ചവടക്കാരനായിട്ടുണ്ടാകും. വിദ്യാർത്ഥികളായതിനാൽ പൊലീസ് പിടിയിലായാലും ഉപദേശിച്ച് വിടുമെന്ന് മെച്ചവുമുണ്ട്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.