തൊടുപുഴ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് പഴയ കെ. കെ റോഡിൽ പാലത്തിനോട് ചേർന്ന് അഴുതയാറ്റിൽ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച തടയണ പൂർണ്ണമായി പൊളിച്ചു നീക്കി.
തടയണ കാരണം ആറ്റുതീരത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിലാണ്
കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് ഇക്കാര്യം കമ്മീഷനെ അറിയിച്ചത്.ശാസ്ത്രീയ പഠനം നടത്താതെ 2011-12 കാലത്താണ് തടയണ നിർമ്മിച്ചത്. ഇരുപതോളം കുടുംബങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. കനത്ത മഴ പെയ്യുമ്പോൾ അണക്കെട്ട് നിറയുകയും സമീപ വീടുകളിൽ വെള്ളം കയറുകയും ചെയ്യും. കഴിഞ്ഞ പ്രളയ കാലത്ത് അണക്കെട്ടിൽ വെള്ളം കയറി വീടുകൾ വെള്ളത്തിനടിയിലായി. യാതൊരു പ്രയോജനവും ഇല്ലാത്ത തടയണ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ് കമ്മീഷനെ സമീപിച്ചത്.