 സീറ്റില്ലെങ്കിൽ രാജിയെന്ന് റോയ് കെ. പൗലോസ് വിഭാഗം

തൊടുപുഴ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ജില്ലയിൽ കോൺഗ്രസിനുള്ളിൽ കലാപക്കൊടി. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ ഡി.സി.സി ഭാരവാഹികളടക്കമുള്ള ഒരു വിഭാഗം രാജിഭീഷണിയുമായി രംഗത്തെത്തിയത്. പീരുമേട് നിയമസഭാ സീറ്റിലേക്ക് കഴിഞ്ഞ ടേമിലെ സ്ഥാനാർത്ഥി സിറിയക് തോമസിനൊപ്പം റോയി കെ. പൗലോസിനെയും പരിഗണിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ റോയ് സ്ഥാനാർത്ഥി പട്ടികയിലുണ്ടാകില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ റോയിയുടെ തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരിലെ വീട്ടിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സീറ്റ് ലഭിച്ചില്ലെങ്കിൽ ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ, ഡി.സി.സി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികൾ സ്ഥാനം രാജി വയ്ക്കുമെന്ന് ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്തിൽ അഞ്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, 15 ഡി.സി.സി സെക്രട്ടറിമാർ, 46 ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാർ, 29 മണ്ഡലം പ്രസിഡന്റുമാർ, കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എട്ട് ജില്ലാ സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, നാല് ജില്ലാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയ നേതാക്കൾ തങ്ങൾക്കൊപ്പമാണെന്ന് റോയി അനുകൂലികൾ അവകാശപ്പെട്ടു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട റോയ് പാർട്ടി നീതികേട് കാണിക്കില്ലെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും പറഞ്ഞു. തുടർന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തുമെന്ന് റോയ് അനുകൂലികൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. മുൻ തിരഞ്ഞെടുപ്പുകളിലും റോയ് കെ. പൗലോസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

ഇപ്പോഴും ശുഭാപ്തി വിശ്വാസം

''പാർട്ടി നീതകേട് കാണിക്കില്ലെന്നാണ് പ്രതീക്ഷ. ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ട്. പാർട്ടിയെ സമ്മർദ്ദത്തിലാക്കുകയല്ല. മൂവാറ്റുപുഴ, പീരുമേട് സീറ്റുകളിൽ തന്നെ പരിഗണിച്ചിരുന്നു. പാർട്ടിക്ക് വേണ്ടിയാണ് ജീവിതത്തിലുടനീളം പ്രവർത്തിച്ചത്. പാർട്ടി കൈവിടില്ലെന്നാണ് കരുതുന്നത്"

-റോയ് കെ. പൗലോസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി)

പ്രശ്‌നം രമ്യമായി പരിഹരിക്കും

''പീരുമേട് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഉയർന്നു വന്ന പ്രശ്‌നങ്ങളിൽ പാർട്ടി നേതൃത്വം ഇടപെട്ടിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്‌നം രമ്യമായി പരിഹരിക്കും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തീരുമാനങ്ങൾ ദേശീയ- സംസ്ഥാന നേതൃത്വങ്ങളാണ് എടുക്കുന്നത്. ഡി.സി.സി ഒരു സാദ്ധ്യതാ പട്ടിക നേതൃത്വത്തിന് നൽകിയിരുന്നു. അതിൽ റോയി കെ. പൗലോസിന്റെ പേരുമുണ്ട്. തർക്കങ്ങൾ ഉയർന്നു വരുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കും. അഞ്ച് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. ജയിക്കും. ആരുടെയും രാജിക്കത്ത് തന്റെ കൈവശം ലഭിച്ചിട്ടില്ല."

-ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ