ss
ശ്രീരാജ് നമ്പൂതിരി

പിടിയിലായത് കുമളി വെള്ളാരംകുന്ന് സ്വദേശി

കോട്ടയം: അയർക്കുന്നത്ത് വീട്ടമ്മയെ തോക്ക് ചൂണ്ടി കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്പൂതിരി (27) അറസ്റ്റിലായി.

ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ 10നാണ് അയർക്കുന്നം പുത്തൻവീട്ടിൽ ജോസിന്റെ ഭാര്യ ലിസമ്മയെ ആക്രമിച്ച് പണം കവർന്നത്. ജോസ് പുറത്തു പോയ സമയത്ത് ശ്രീരാജ് വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തു കയറിയായിരുന്നു കവർച്ച. കൈയിലിരുന്ന കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലിസമ്മയുടെ വായിൽ തുണി തിരുകുകയും കൈയും കാലും കെട്ടിയിടുകയും ചെയ്തശേഷം ആറു പവന്റെ മാല ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന പത്തൊൻപത് പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയുമായിരുന്നു. ഒറ്റപ്പെട്ടെ വീട്ടിലായിരുന്നു മോഷണമെന്നതും വാഹനം ഉപയോഗിക്കാതിരുന്നതും വലിയ മാസ്‌ക് വച്ചിരുന്നതും പ്രതിയെ കണ്ടെത്താൻ തടസമായി. മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല.

 അമയന്നൂർ ക്ഷേത്രത്തിലെ പൂജാരി

സംഭവസ്ഥലത്ത്‌ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള സി.സി ടി.വി ദൃശ്യത്തിൽ തുടങ്ങിയ സംശയത്തിൽ നിന്ന് നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് തമിഴ്‌നാട് അതിർത്തിയിലെ ലോഡ്ജിൽ നിന്നാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്.

അമയന്നൂർ ക്ഷേത്രത്തിൽ മുൻപ് പൂജാരിയായിരുന്നു ഇയാൾ. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. അങ്ങിനെയാണ് ലിസമ്മയുടെ വീടിന്റെ സാഹചര്യം മനസിലാക്കിയത്. ഓൺലൈനിലൂടെയാണ് കളിത്തോക്ക് വാങ്ങിയത് .

സംഭവത്തിന് ശേഷം ഷർട്ടും കൈയുറയും ലിസമ്മയുടെ വീട്ടിൽ നിന്നെടുത്ത മൊബൈൽ ഫോണും വഴിയിൽ ഉപേക്ഷിച്ചു. മോഷ്ടിച്ച കുറച്ചു സ്വർണം വിൽക്കുകയും ബാക്കി പണയം വയ്ക്കുകയും ചെയ്തു. പണം ഉപയോഗിച്ച് ഒരു സ്‌കോർപിയോ കാറും മൊബൈൽ ഫോണും വാങ്ങി. പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയിടങ്ങളിലായിരുന്നു തങ്ങിയത്. ട്രെയിൻ യാത്രക്കാരന്റെ പണവും കാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിന് കൊല്ലം റെയിൽവേ പൊലീസിലും, അടുത്ത വീട്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് കുമളി പൊലിസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

ജില്ലാ പൊലിസ് മേധാവി ഡി.ശിൽപ്പയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി എം. അനിൽകുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അയർക്കുന്നം ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ, സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, ടി. റെനീഷ് , സബ് ഇൻസ്‌പെക്ടർ നാസർ കെ. എച്ച് , ഷിബുക്കുട്ടൻ, എ.എസ്.ഐ അരുൺ കുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ ശ്യാം എസ് നായർ , കെ.ആർ. ബൈജു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.