ഇടുക്കി: കാലങ്ങളായി ഇടതു വലതു മുന്നണികൾ മോഹന വാഗ്ദാനം നൽകി ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയാണന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി. ജില്ലയിലെ കർഷകർ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ഏലത്തിനടക്കം ജില്ലയിലെ പ്രധാന വിളകൾക്ക് വിലയിടിവ് നേരിടുന്നത് കാരണം കർഷക കുടുംബങ്ങൾ ഇന്ന് പട്ടണിയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ വരെയില്ലാത്ത ലയങ്ങളിൽ ഒരു വിഭാഗം ആളുകളെ തളച്ചിട്ടിരിക്കുകയാണ്. ഇവർക്ക് വാഗ്ദാനം നൽകി ഇരു മുന്നണികളും വഞ്ചിക്കുകയാണ്. ഇവരുടെ പുനരധിവാസത്തിന് അടിയന്തരമായി നടപടി സ്വീകരിക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ മടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആളുകൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണ്. ജില്ലാ ആശുപത്രിയിൽ ആശുപത്രി ഉപകരണങ്ങൾ ഇല്ലെന്നു മാത്രമല്ല മുഴുവൻ മരുന്നുകളും പുറത്തേക്ക് കുറിച്ച് കൊടുക്കുകയാണ്. ഡയാലിസിസ് ചെയ്യാൻ സൗകര്യമില്ലാത്തതു കൊണ്ട് പാവപ്പെട്ട രോഗികൾ ബുദ്ധിമുട്ടുകയാണ്. മാറി വരുന്ന സർക്കാരുകൾ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഓലിക്കാമറ്റം, പൂമാല മേഖലയിൽ റോഡുകളിൽ കൂടി കാൽനടയാത്രക്കാർക്ക് വരെ പോകാൻ പാടില്ലാത്തതുപോലെ റോഡുകൾ തകർന്ന് കിടക്കുകയാണ്. ഇടതു വലതു സർക്കാരുകൾ ഇടുക്കിയിലെ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് പറ്റിക്കുന്നതിനെതിരെ തിരഞ്ഞടുപ്പിൽ വോട്ട് കൊണ്ട് മറുപടി കൊടുക്കാൻ ഇടുക്കിയിലെ ജനങ്ങൾ തയ്യാറാവണം. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.ഡി.എയും തമ്മിലായിരിക്കും ഇടുക്കിയിൽ പ്രധാന മത്സരം നടക്കുകയെന്നും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ കൺവീനറുമായ വി. ജയേഷ് പറഞ്ഞു.