പൈനാവ് താന്നിക്കണ്ടം റോഡ് പണിക്കായി മണിയാറൻകുടിയിൽ സ്ഥാപിച്ച ടാർ മിക്‌സിങ് പ്ലാന്റ് പ്രവർത്തനം നിർത്താനും അതിനെതിരെ തുടർന്നു വന്ന ജനകീയ സമരം അവസാനിപ്പിക്കാനും ജില്ലാ കലക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന സമരസമിതി പ്രതിനിധികളുടേയും കരാറുകാരന്റേയും ഉദ്യേഗസ്ഥരുടേയും യോഗത്തിൽ ധാരണയായി. പ്ലാന്റിന്റെ പ്രവർത്തനാനുമതി മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കും. പ്ലാന്റിന് സമീപം സ്ഥാപിച്ച കുഴൽ കിണറിൽ നിന്ന് അമിതമായി ജലമെടുക്കുന്നെന്ന പരാതിയ്ക്കും പരിഹാരമായി. റോഡ് പണിക്കായുള്ള കോൺക്രീറ്റ് കൂട്ടുന്നതിന് കരാറുകാരൻ ഓരോ ദിവസവും എടുക്കാവുന്ന വെള്ളത്തിന്റെ പരിധി ഭൂഗർഭ ജല വകുപ്പ് നിശ്ചയിച്ചു നൽകും. പരിസരവാസികളുടെ കിണറിലെ ജല നിരപ്പ് ക്രമാതീതമായി താഴാത്ത വിധത്തിലുള്ള അളവ് നിശ്ചയിച്ച് നൽകി മീറ്റർ ഘടിപ്പിച്ച് ജലോപയോഗം ക്രമപ്പെടുത്താൻ ജില്ലാ കലക്ടർ ഭൂഗർഭ വകുപ്പിന് നിർദ്ദേശം നൽകി. വാഴത്തോപ്പ് പഞ്ചാത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഭൂഗർഭ വകുപ്പ് ജില്ലാ ഓഫീസർ ഡോ. വി.ബി. വിനയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, കരാറുകാരൻ, ജനകീയ സമരസമിതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.