തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ പേരിൽ ഇടത്- വലത് മുന്നണികൾ ജനങ്ങളെ വഞ്ചിച്ചതായി ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് വി. ജയേഷ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം കാത്തു കിടന്നിട്ട് വർഷങ്ങൾ ഏറെയായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സ്ഥലം കൈയേറി മാഫിയകൾ വിലസുമ്പോൾ അധികാരികൾ മൗനം പാലിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാത്തതെന്ന് സ്ഥലം എം.എൽ.എ വ്യക്തമാക്കുന്നില്ല. കാഞ്ഞിരമറ്റും ഭാഗത്ത് പാലം തുറന്നു കിട്ടാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. ചില സ്വാർത്ഥ താല്പര്യക്കാർക്ക് വേണ്ടി പാലും തുറന്ന് കൊടുക്കാതിരിക്കുകയാണ് രണ്ടു മുന്നണികളും. തൊടുപുഴയിൽ നിരവധി അനധികൃത നിർമ്മാണമാണ് നടക്കുന്നത്. തൊടുപുഴയാറിലേക്ക് കക്കൂസ് മാലിന്യമുൾപ്പെടെ തുറന്നു വിട്ടിരിക്കുകയാണ്. നഗരസഭ ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തൊടുപുഴയിലെ ജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിനെതിരെ ബി.ഡി.ജെ.എസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.