തൊടുപുഴ: ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ മികവു നേടുന്നതിന് ലക്ഷ്യമിട്ടുള്ള 'ഹലോ വേൾഡ് ' പ്രോഗ്രാം അരിക്കുഴ ഗവൺമെന്റ് സ്‌കൂളിൽ ആരംഭിച്ചു. ശബ്ദദൃശ്യ ശകലങ്ങളിലൂടെ, ചെറുകഥകൾ, കവിതകൾ, പദ്യങ്ങൾ തുടങ്ങി ഒട്ടേറെ രസകരമായ പഠന വിഭവങ്ങൾ ഒരുക്കുന്ന വെബ് പേജാണ് ഹലോ വേൾഡ് . വീഡിയോകളോടൊപ്പം അദ്ധ്യാപകർക്ക് കുട്ടികളോട് സംവദിക്കാനുള്ള ലിങ്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹം ആഗ്രഹിക്കുന്ന വിധത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം ആക്കുന്നു ഹലോ വേൾഡ് പ്രോഗ്രാം. കുട്ടികളുടെ മനശാസ്ത്ര സമീപനങ്ങൾ കൂടി പരിഗണിച്ചാണ് പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള അദ്ധ്യാപക പരിശീലനങ്ങൾ പൂർത്തീകരിച്ചതിനുശേഷമാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്. വി.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ .ലതീഷ് അദ്ധ്യക്ഷനായി. ഫാക്കൽറ്റി മെമ്പർ ആശാ.എസ്.കെ പദ്ധതി വിശദീകരണം നടത്തി. എച്ച്.എം. സീമ വി.എൻ, ടെസ മോൾ, സിസി.കെ.ജോസഫ് , സോനു കെ ദിവാകരൻ എന്നിവർ സംസാരിച്ചു.