ചെറുതോണി: പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഏതെങ്കിലും വിധത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമോ എന്ന് നടത്തുന്ന പരീക്ഷണമാണ് ജനവിരുദ്ധ ഹർത്താലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഗവൺമെന്റ് നിലവിൽ ഇല്ലെന്നിരിക്കെ ഹർത്താൽ നടത്തുന്നത് അർത്ഥശൂന്യവും അസംബന്ധവുമാണ്. ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാനത്താകെ ബാധകമായിരിക്കുന്ന ഒരു വിഷയത്തിൽ ജില്ലയിലെ ജനങ്ങളെ മാത്രം ബന്ധിയാക്കാനുള്ള യു.ഡി.എഫ് തീരുമാനം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭൂമിപതിവ് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് അവസാനഘട്ടത്തിലാണെന്നും നിയമ വകുപ്പിന്റെ അംഗീകാരം വാങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഏപ്രിൽ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന തെരഞ്ഞെടുപ്പ് മൂന്ന് ആഴ്ച മുമ്പ് പ്രഖ്യാപിക്കപ്പെട്ടതിലൂടെ ഉത്തരവിറക്കാനായില്ല. പതിച്ചു കിട്ടിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉത്തരവിറക്കേണ്ടി വന്നത് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ്. നിർമ്മാണ നിരോധനം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബൈസൺവാലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് നേതാവുമായ ലാലി ജോർജ്ജ് നൽകിയ ഹർജിയിൻമേലാണ് 2020 ജൂൺ 25 ന് ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത്. ഈ ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇത്തവണ കോടതിയെ സമീപിച്ചത് കോൺഗ്രസ് നേതാവായ അടിമാലി കൂമ്പൻപാറ സ്വദേശി മേരി ജോസഫാണ്. കോൺഗ്രസ് നേതാവിന്റെ ഹൈക്കോടതിയിലെ കേസിനെ തുടർന്നാണ് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് കോടതിവിധി നടപ്പാക്കേണ്ടതായി വന്നത്. ഇത്തരത്തിൽ ഇടുക്കിയിലെ ജനങ്ങളക്കൊപ്പം നിന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വിഫലശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ഒരുവശത്ത് ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴച്ച് പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കൂടുതൽ സങ്കീർണമാക്കുകയും മറുവശത്ത് ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള നാലാംകിട രാഷ്ട്രീയ തന്ത്രമാണ് യു.ഡി.എഫ് നടത്തുന്നത്. കോൺഗ്രസ് സർക്കാരുകൾ നിർമ്മിച്ച നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന ഹർത്താലിന്റെ വിരോധാഭാസവും കാപട്യവും ജനങ്ങൾ തിരിച്ചറിയുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.