തൊടുപുഴ: ഭൂപ്രശ്‌നങ്ങളുടെ പേരിൽ ഹർത്താൽ നടത്താനുള്ള തീരുമാനം പരിഹാസ്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ജില്ലയിലെ 95 ശതമാനം ഭൂപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഇടതു മുന്നണി സർക്കാരിന് കഴിഞ്ഞു. 40000ത്തോളം പേർക്ക് ഇതിനോടകം ജില്ലയിൽ ഉപാധിരഹിത പട്ടയം വിതരണം ചെയ്തു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന
കർഷകവിരുദ്ധതകളെല്ലാം എടുത്ത് കളഞ്ഞ് ഉപാധിരഹിത പട്ടയമാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്. ഒരേക്കർ ഭൂമിക്ക് മാത്രമേ പട്ടയം കൊടുക്കുകയുള്ളുവെന്നുംഒരു ലക്ഷം രൂപക്ക് മേൽ വരുമാനം ഉള്ളവർക്ക് പട്ടയമേ കൊടുക്കുകയില്ലായെന്നും കൊടുക്കുന്ന പട്ടയങ്ങൾ 12 വർഷത്തേയ്ക്ക് കൈമാറ്റം ചെയ്യാൻ പാടില്ലായെന്നുമുള്ള വ്യവസ്ഥകളാണ് യുഡിഎഫ് സർക്കാർ
ഏർപ്പെടുത്തിയത്. യുഡിഎഫിന്റെ കർഷക സ്‌നേഹത്തിന്റെ തെളിവുകളാണിതെല്ലാം. ചരിത്രത്തിലാദ്യമായി ആദിവാസികൾക്ക് പട്ടയം കൊടുക്കാൻ തീരുമാനിച്ചതും അവർക്ക് പട്ടയം നൽകിയതും ഇടതു സർക്കാരാണ്. പത്ത് ചെയിൻ പ്രദേശത്തെ കൃഷിക്കാർക്ക് ഇടതുസർക്കാരാണ് പട്ടയം നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ കർഷക രക്ഷാ നടപടികൾ എന്തൊക്കെയാണെന്ന് ഡിസിസി പ്രസിഡന്റ് വിശദീകരിക്കണം. ഹൈക്കോടതി വിധി ഉണ്ടാക്കിയ നിർമ്മാണ പ്രതിസന്ധി മറികടക്കാൻ യുഡിഎഫ് എന്തു ചെയ്തുവെന്ന് പറയണം. നിർമ്മാണ പ്രവർത്തനം എട്ട് വില്ലേജുകളിലായി നിജപ്പെടുത്താൻ തീരുമാനം ഉണ്ടാക്കിയത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 8 വില്ലേജുകളിലെ നിർമ്മാണ പ്രതിസന്ധി കേരളമാകെ വ്യാപിപ്പിച്ചത് യുഡിഎഫ്
ആണ്. യുഡിഎഫ് നേതാക്കൾ ഹൈക്കോടതി ഉത്തരവിലാണ് നിർമ്മാണ വിലക്ക് കേരളമാകെ വ്യാപിപ്പിച്ചത്. കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടനാണ് കേസ് വാദിച്ച് ഈ വിധി സമ്പാദിച്ചത്. ഈ സത്യങ്ങൾ മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ഹർത്താലിനെ ജില്ലയിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് കെ .കെ.വരാമൻ പറഞ്ഞു.