ചെറുതോണി: സർക്കാർ നിലവിലില്ലാത്ത സാഹചര്യത്തിൽ ഹർത്താലിന് പ്രസക്തിയില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ഭൂവിനിയോഗ ചട്ടത്തിൽ നിയമഭേദഗതി വേണമെന്നുള്ളത് ഏറ്റവും ഗൗരവതരമായ വിഷയമാണ്. പട്ടയ ഭൂമിയിൽ വാണിജ്യ ആവശ്യങ്ങൾക്ക് കെട്ടിടം നിർമ്മിക്കണമെന്നുള്ളത് ഇടുക്കിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യമായ ഒന്നാണ്. എന്നാൽ അതിന്റെ പേരിൽ ഉത്തരവിറക്കാൻ അനുവാദമില്ലാത്ത ഒരു സർക്കാർ താത്കാലികമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഹർത്താലിനോട് യോജിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹർത്താൽ അല്ല ആവശ്യം മുന്നണികൾ നിലപാടുകൾ വ്യക്തമാക്കുകയാണ് വേണ്ടത്. തങ്ങൾ അധികാരത്തിൽ വന്നാൽ ഭൂ വിനിയോഗ നിയമ ഭേദഗതി സമയ ബന്ധിതമായി നടപ്പിലാക്കുമോ എന്ന കാര്യം സ്ഥാനാർത്ഥികളും മുന്നണികളും വോട്ടർമാരോട് വിശദീകരിക്കുകയാണ് വേണ്ടതെന്നും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.