മുട്ടം: വൈദ്യുതി ലൈനിന്റെ ടച്ചിംഗ് വെട്ടിയതിന് ശേഷമുള്ള അവശിഷ്ടങ്ങൾ വ്യാപകമായി റോഡരികിൽ തള്ളിയിട്ട് അധികൃതർ കടന്ന് കളഞ്ഞതായി പരാതി. മുട്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യുതി ലൈനിലേക്കുള്ള ടച്ചിംഗ് വെട്ടുന്ന പണികൾ നടന്ന് വരുകയാണ്. വെട്ടി മാറ്റിയ വലിയ മരത്തിന്റെ ശിഖരങ്ങളും ചെറിയ കമ്പുകളും ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ മുട്ടം ബസ് സ്റ്റാൻഡിലും വിവിധ സ്ഥലങ്ങളിലെ റോഡരികിലും അപകടരമായിട്ടാണ് തള്ളിയിരിക്കുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോഴുള്ള ചെറിയ കാറ്റടിച്ച് അവശിഷ്ടങ്ങൾ റോഡിലേക്ക് നിരങ്ങി നീങ്ങും. ബൈക്ക് യാത്രക്കാർക്കാണ് ഇത് ഏറെ അപകടകരമാകുന്നത്. നിരവധി വാഹനങ്ങൾ കയറി ഇറങ്ങുന്ന ബസ് സ്റ്റാൻഡിലും അവശിഷ്ടങ്ങൾ തള്ളിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ടൗണിലെ വ്യാപാരികളും ആട്ടോ- ടാക്സി തൊഴിലാളികളും പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കഴിഞ്ഞ വർഷം മലങ്കര തുരുത്തേൽ പാലത്തിന് സമീപം ടച്ച് വെട്ടിയ റോഡരികിൽ തള്ളിയ മരക്കൊമ്പിൽ തട്ടി ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു.