ഇടുക്കി: ജില്ലയിൽ നിർമാണനിരോധനം ബാധകമാക്കി സംസ്ഥാനസർക്കാർ ജനങ്ങളെ വഞ്ചിച്ചെന്നും ഇത് ഹൈറേഞ്ച് മേഖലയെ ആകെമൊത്തം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണെന്നും ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. ടൂറിസം, ചെറുകിട കച്ചവടം എന്നിവയെ പുതിയ നിബന്ധനകൾ പ്രതികൂലമായി ബാധിക്കും. നോട്ടുനിരോധനം, തുടർച്ചയായുണ്ടായ പ്രളയം, വരൾച്ച, നാണ്യവിളകളുടെ വിലത്തകർച്ച, കൊവിഡ് തുടങ്ങിയ പ്രശ്‌നങ്ങളിൽ പകച്ചുനിൽക്കുന്ന കാർഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്. ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ എൽ.ഡി.എഫ് സർക്കാർ ഒഴിഞ്ഞുമാറിയെന്നും ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. ബഫർ സോൺ പ്രഖ്യാപനം തീർക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. വന്യമൃഗശല്യം മൂലം കർഷകർക്ക് കൃഷിയിറക്കാനാവാത്ത സാഹചര്യത്തിന് അടിയന്തര പരിഹാരമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.