അടിമാലി : വോട്ടിംഗ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിൽ കലാപരിപാടികളും വോട്ടു വണ്ടി പര്യടനവും നടത്തി. ജനാധിപത്യ പ്രക്രിയയിൽ സമ്മതിദാനവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ് പരിപാടികൾ നടത്തുന്നത്. പരിപാടിയോടനുബന്ധിച്ച് അടിമാലിയിലെ കലാകാരൻമാർ നയിച്ച ഗാനമേളയും നൃത്തവും അരങ്ങേറി. പ്ലസ് വൺ വിദ്യാർത്ഥിനി ആതിര സി. അജി അവതരിപ്പിച്ച ഒഡീസി നൃത്ത രൂപം കഥക് ജനശ്രദ്ധയാകർഷിച്ചു. വോട്ടുവണ്ടിയിൽ വോട്ടിംഗ് മെഷിനും വിവി പാറ്റ് സംവിധാനവും പൊതുജനങ്ങൾക്ക് പരിചയപ്പെടാനും മാതൃകാ വോട്ട് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. പ്രദേശവാസികളായ നിരവധി പേർ മാതൃകാ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി. അടിമാലിയിൽ സംഘടിപ്പിച്ച വോട്ടർ ബോധവത്കരണ പരിപാടി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വൃന്ദാദേവി എൻ. ആർ ഉദ്ഘാടനം ചെയ്തു. ഹുസൂർ ശിരസ്തദാർ മിനി ജോൺ, ആർ ആർ ഡെപ്യൂട്ടി കളക്ടർ ബിന്ദു, ദേവികുളം തഹസിൽദാർ രാധാകൃഷ്ണൻ, സ്വീപ് അംഗങ്ങളായ എം.ആർ ശ്രീകാന്ത്, ആഷ്‌ല തോമസ്, രാജേഷ് വി.എൻ, തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.