തൊടുപുഴ: നിർമാണനിരോധനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാക്കാനുള്ള യു.ഡി.എഫ് നീക്കം ഫലം കാണുന്നു. ഇടുക്കിയിലെ മലയോര കർഷകരെ നേരിട്ട് ബാധിക്കുന്ന വിഷയം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാമെന്ന യു.ഡി.എഫ് തന്ത്രത്തിന്റെ ഭാഗമായിരുന്നു 26ലെ ഹർത്താൽ പ്രഖ്യാപനം. എന്നാൽ ഇതിനോടുള്ള പ്രതികരണവുമായി ഭരണപ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ വിഷയം വീണ്ടും പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയായി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള യു.ഡി.എഫിന്റെ തന്ത്രമാണെന്നാണ് എൽ.ഡി.എഫ് ആരോപണം. സർക്കാർ നിലവിൽ ഇല്ലാത്തപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടെന്ത് കാര്യമെന്ന് അവർ ചോദിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ധാരാളം സമയമുണ്ടായിട്ടും സർക്കാർ സർവകക്ഷിയോഗ തീരുമാനം നടപ്പിലാക്കാത്തതിലുള്ള പ്രതിഷേധമാണ് ഹർത്താലെന്ന് യു.ഡി.എഫും വാദിക്കുന്നു. അതേസമയം ഹർത്താൽ അനാവശ്യമാണെന്ന് നിലപാടുമായി ഹൈറേഞ്ച് സംരക്ഷണസമിതിയും കൂടി രംഗത്തെത്തിയതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ മാനങ്ങൾ കൈവന്നു.