തൊടുപുഴ: ബി.ഡി.ജെ.എസിന്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടുക്കി ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇടുക്കി മണ്ഡലത്തിൽ അഡ്വ. സംഗീത വിശ്വനാഥനും ഉടുമ്പഞ്ചോലയിൽ സന്തോഷ് മാധവനുമാണ് സ്ഥാനാർത്ഥികൾ. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറിയാണ് സംഗീത. 44 കാരിയായ സംഗീത തൃശൂർ വടൂക്കര സ്വദേശിനിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലിത് രണ്ടാം അങ്കമാണ്. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2016 ൽ കൊടുങ്ങല്ലൂർ നയോജക മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഭർത്താവ് വിശ്വനാഥൻ (ബിസിനസ്) മക്കൾ അഭിരാം (എൻജിനിയറിംഗ് വിദ്യാർത്ഥി), ഉത്തര (ഏഴാം ക്ലാസ് വിദ്യാർത്ഥി).
ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ ട്രഷററാണ് സന്തോഷ് മാധവൻ. 44കാരനായ സന്തോഷ് അടിമാലി അമ്പലപ്പടി സ്വദേശിയാണ്. തിരഞ്ഞെടുപ്പിൽ ആദ്യ അങ്കമാണ്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലർ, എസ്.എൻ.ഡി.പി. യോഗം അടിമാലി യൂണിയൻ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അവിവാഹിതനാണ്. പരേതനായ മാധവന്റെയും രാജമ്മയുടെയും മകൻ.