ഇടുക്കി: ഇടുക്കി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ കൗതുകകരമായ പോരാട്ടമാണ് അരങ്ങേറുന്നത്. കഴിഞ്ഞ തവണ മത്സരിച്ച റോഷി അഗസ്റ്റ്യനും ഫ്രാൻസിസ് ജോർജുമാണ് ഇപ്രാവശ്യവും പരസ്പരം ഏറ്റുമുട്ടുന്നത്. എന്നാൽ രണ്ട് പേരും കഴിഞ്ഞ തവണ തങ്ങൾ എതിർത്ത മുന്നണിയുടെ സ്ഥാനാർത്ഥിയാണെന്നതാണ് കൗതുകം. 2016ൽ നിലവിലെ എം.എൽ.എയായ റോഷി അഗസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു. അന്ന് ഫ്രാൻസിസ് ജോർജ് ചെയർമാനായ ജനാധിപത്യ കേരള കോൺഗ്രസ് ഇടതുപക്ഷത്തായിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കുറച്ച് നാളുകൾക്ക് മുമ്പാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചത്. ഇതോടെയാണ് ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ കളമൊരുങ്ങിയത്. രണ്ട് പതിറ്റാണ്ടായി മണ്ഡലത്തിലെ യു.ഡി.എഫിന്റെ മുഖമായ റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകേണ്ടി വന്നത്. ഏതായാലും ഇരുവരും സ്ഥാനാർത്ഥികളാകുമ്പോൾ കൗതുകകരമായ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക.