തൊടുപുഴ: അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിൽ മുന്നണികൾ ഭൂരിഭാഗം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്ന സ്ഥാനാർത്ഥികളാരെന്ന് വ്യക്തമായ ധാരണയായി. കോൺഗ്രസും ബി.ജെ.പിയും ഇന്നലെ വൈകിട്ടോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. മൂന്നരയോടെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയാണ് ആദ്യം വന്നത്. ജില്ലയിൽ തൊടുപുഴ, പീരുമേട്, ഉടുമ്പഞ്ചോല സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. തൊടുപുഴയിൽ യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജും പീരുമേട് ശ്രീനഗരി രാജനും ഉടുമ്പഞ്ചോലയിൽ രമ്യ രവീന്ദ്രനുമാണ് മത്സരിക്കുക. ഉടുമ്പഞ്ചോലയിൽ ശനിയാഴ്ച ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ബി.ജെ.പി ഈ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് വൈകിട്ട് നാല് മണിയോടെ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ദേവികുളത്ത് ഡി. കുമാറും പീരുമേട് സിറിയക് തോമസും ഉടുമ്പഞ്ചോലയിൽ ഇ.എം. ആഗസ്തിയുമാണ് മത്സരിക്കുക. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ദേവികുളത്ത് സി.പി.എമ്മും തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് എ. രാജയാണ് ഇവിടെ ഡി. കുമാറിനെ നേരിടുക. ദേവികുളത്ത് എൻ.ഡി.എയ്ക്കായി എ.ഐ.എ.ഡി.എം.കെയാണ് മത്സരിക്കുക. പാർട്ടി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും സ്ഥാനാർത്ഥി നിർണയം ഏകദേശം പൂർത്തിയായതോടെ ഇനി വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണം തീപാറുമെന്ന് തീർച്ചയാണ്.
തൊടുപുഴ
പി.ജെ. ജോസഫ് (യു.ഡി.എഫ്)
കെ.ഐ. ആന്റണി (എൽ.ഡി.എഫ്)
പി. ശ്യാംരാജ് (എൻ.ഡി.എ)
ഇടുക്കി
ഫ്രാൻസിസ് ജോർജ് (യു.ഡി.എഫ്)
റോഷി അഗസ്റ്റ്യൻ (എൽ.ഡി.എഫ്)
അഡ്വ. സംഗീത രവീന്ദ്രൻ (എൻ.ഡി.എ)
ഉടുമ്പഞ്ചോല
എം.എം. മണി (എൽ.ഡി.എഫ്)
ഇ.എം. ആഗസ്തി (യു.ഡി.എഫ്)
രമ്യ രവീന്ദ്രൻ (എൻ.ഡി.എ)
പീരുമേട്
വാഴൂർ സോമൻ (എൽ.ഡി.എഫ്)
സിറിയക് തോമസ് (യു.ഡി.എഫ്)
ശ്രീനഗരി രാജൻ (എൻ.ഡി.എ)
ദേവികുളം
എ. രാജ (എൽ.ഡി.എഫ്)
ഡി. കുമാർ (യു.ഡി.എഫ്)
(എൻ.ഡി.എയ്ക്കായി എ.ഐ.എ.ഡി.എം.കെ മത്സരിക്കും.സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല)