church

ചെറുതോണി: കഞ്ഞിക്കുഴിയിൽ പള്ളി കെട്ടിടത്തിന് ഭീഷണിയുയർത്തുന്ന രീതിയിൽ അയൽവാസി മണ്ണിടിച്ചു മാറ്റിയതായി പരാതി. കത്തിപ്പാറതടം സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ മതിലിനോട് ചേർന്നുള്ള ഭാഗമാണ് അയൽവാസിയായ വീട്ടമ്മ നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണിടിച്ച് മാറ്റിയത്.
സമീപത്തുകൂടി പോകുന്ന 110 കെ വി ലൈനിന്റെ അടിഭാഗത്തെ നിർമ്മാണ നിരോധിത മേഖലയിൽ ആണ് മണ്ണിടിച്ച് നീക്കിയതായി പരാതി ഉയർന്നത്. പള്ളി കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിക്കും സമീപത്തുള്ള മഴവെള്ള സംഭരണിക്കും നാശമുണ്ടാക്കുമെന്ന് കാണിച്ച് പള്ളി ഭരണ സമിതി കോടതിയെ സമീപിക്കുകയും നിർമ്മാണത്തിന് നിരോധന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വീണ്ടും മണ്ണിടിച്ച് മാറ്റിയെന്നാണ് സെന്റ് ജോർജ് യാക്കോബായ പള്ളി ട്രസ്റ്റി കുര്യൻ കല്ലുവെട്ടാംകുഴി ഫാദർ മനോജ് ഈരാചേരി എന്നിവരുടെ ആരോപണം. എന്നാൽ തന്റെ താമസസ്ഥലത്തെ ശുചിമുറി മാറ്റി നിർമ്മിക്കുന്നതിനും വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയുമാണ് മണ്ണ് നീക്കിയതെന്നാണ് അയൽവാസിയായ വീട്ടമ്മ മോളി പറയുന്നത്.
110 കെ.വി. ലൈനിന്റെ അടിഭാഗത്തു കൂടി സ്ഥിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാനോ വികസന പ്രവർത്തനങ്ങളോ പാടില്ല എന്ന് കാണിച്ച് കോടതി നിരോധന ഉത്തരവ് നൽകിയിട്ടുണ്ട്. നിരോധന ഉത്തരവ് നൽകി കഴിഞ്ഞിട്ടും നിർമ്മാണം നടത്തിയ വിവരം കോടതിയെ ധരിപ്പിക്കുമെന്നും പരാതിക്കാർ അറിയിച്ചു.