തൊടുപുഴ: പാർട്ടി വലിയ അനീതിയാണ് തന്നോട് കാണിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇടുക്കി മുൻ ഡി.സി.സി പ്രസിഡന്റുമായ റോയ് കെ. പൗലോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നിഷേധത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് തനിക്ക് സീറ്റ് നിഷേധിച്ചെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം. പാർട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ജില്ലയിൽ പാർട്ടിക്ക് നേതൃത്വം നൽകിയ തന്നോട് പാർട്ടി നേതൃത്വം തുടർച്ചയായി കടുത്ത അനീതിയും അവഗണനയും കാണിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അതിലേറെ സങ്കടവുമുണ്ട്. എല്ലാഘട്ടങ്ങളിലും സ്ഥാനാർത്ഥിത്വം ഉറപ്പ് പറഞ്ഞിരുന്ന നേതാക്കൾ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. എന്നിരുന്നാലും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി സജീവമായി മുന്നോട്ട് പോകും. ജില്ലയിൽ അഞ്ച് നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഒപ്പം നിൽക്കുന്ന കോൺഗ്രസ് സംഘടനാ നേതൃത്വത്തിലുള്ള സഹപ്രവർത്തകർ രാജി തീരുമാനം പിൻവലിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയിത്തിനായി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട്ടിലടക്കം പരിഗണിച്ചിരുന്ന റോയ് കെ. പൗലോസിന് ഒരിടത്തും സീറ്റുണ്ടാകില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രതിഷേധവുമായി വീട്ടിൽ യോഗം ചേർന്നിരുന്നു. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികളിൽപ്പെട്ടവരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കിൽ രാജി ഭീഷണിയും അവർ ഉയർത്തി.