കട്ടപ്പന: കൊവിഡ് മാസ് വാകസിനേഷൻ ക്യാമ്പ് ഇന്ന് രാവിലെ ഒൻപതു മുതൽ ഇടുക്കി മെഡിക്കൽ കോളേജിലും കട്ടപ്പന ട്രൈബൽ ഹയർസെക്കന്റി സ്‌കൂളിലും നടത്തും. രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും ക്യാമ്പിൽ സൗജന്യമായി കൊവിഡ് വാക്‌സിൻ ലഭിക്കും. 60 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ ലഭിക്കുക.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന മാസ് വാക്‌സിനേഷൻ ക്യാമ്പിൽ കൂടുതൽ വാക്‌സിനേറ്റർ മാരും ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാരും ഉണ്ടായിരിക്കും. വാക്‌സിനേഷനു വരുന്നവർ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുമായി വരേണ്ടതാണ്.(ആധാർ, വോട്ടർ ഐ.ഡി., ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ)
വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. രാവിലെ 8 ന് ആരോഗ്യ വകുപ്പ് ജീവനക്കാർ ക്യാമ്പിൽ വാക്‌സിനേഷന് എത്തുന്നവരെ സ്വീകരിക്കും.
വാക്‌സിൻ സ്വീകരിക്കുന്നവർക്ക് 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസും നൽകും. 17 ന് പീരുമേട് താലൂക്കിലെ കുട്ടിക്കാനം മരിയൻ കോളേജ്, ദേവികുളം താലൂക്കിൽ അടിമാലി വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും 19, 20 തിയതികളിൽ മൂന്നാർ ഗവ.ഹൈസ്‌കൂളിലും ക്യാമ്പിൽ ആദ്യ ഡോസ് വാക്‌സിൻ നൽകും. ആയിരം പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും അതിന്റെ ഇരട്ടി ആളുകൾക്ക് വാക്‌സിൻ കൊടുക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ 60 നു മുകളിൽ പ്രായമുള്ള 1,86,000 ആളുകളും 50 നും 60 നും ഇടയിലുള്ള 1,40,000 ആളുകളുമാണുള്ളത്. ഇവരിൽ ഭൂരിഭാഗം ആളുകൾക്കും മാർച്ച് 31 നുള്ളിൽ കൊവിഡ് വാക്‌സിൻ നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.