dhinasan
ഇടുക്കി കളക്ടറേറ്റിൽ സജ്ജീകരിച്ചിരിക്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാകലക്ടർ എച്ച്. ദിനേശൻ നിർവഹിക്കുന്നു.

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം കളക്ടറേറ്റിൽ മാതൃകാ പോളിംഗ് സ്റ്റേഷൻ തുറന്നു. മാതൃകാ പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാകലക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. വോട്ടിംഗ് യന്ത്രവും വി.വി.പാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃകാ പോളിംഗ് സ്റ്റേഷൻ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായിട്ടാണ് പോളിംഗ് സ്റ്റേഷൻ തയ്യാറാക്കിയത്.ഭിന്നശേഷിക്കാർക്കായി ചക്രക്കസേരയും വോട്ടർമാർക്ക് കുടിവെള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് മാതൃക പോളിംഗ് സ്റ്റേഷന്റെ പ്രവർത്തന സമയം.

റിട്ടേണിഗ് ഓഫീസറും മൂന്ന് പ്രിസൈഡിംഗ് ഓഫീസർമാരുമാണ് പോളിംഗ് ബൂത്ത് നിയന്ത്രിക്കുന്നത്. പോളിംഗ് ഏജന്റ്മാർക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്ന വി.വി.പാറ്റ് യന്ത്രവും മാതൃക പോളിംഗ് സ്റ്റേഷനിലുണ്ട്. രേഖപ്പെടുത്തിയ വോട്ട് ആർക്കാണെന്ന് വി.വി.പാറ്റ് യന്ത്രത്തിലൂടെ വോട്ടർക്ക് കാണാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ .സതീഷ് കുമാർ, എഡിഎം അനിൽ കുമാർ എംപി, ആർ.ഡി.ഒ അനിൽ ഉമ്മൻ, സ്വീപ് നോഡൽ ഓഫീസറും ഹുസൂർ ശിരസ്തദാറുമായ മിനി ജോൺ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.