ഇടുക്കി: ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിറ്റേന്ന് ബി.ജെ.പിയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മണ്ഡലത്തിൽ ശനിയാഴ്ച വൈകിട്ട് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി സന്തോഷ് മാധവനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിലും ഉടുമ്പഞ്ചോല ഉൾപ്പെട്ടു. മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ സീറ്റ് ബി.ജെ.പി ഏറ്റെടുത്തുവെന്നാണ് കരുതിയത്. എന്നാൽ സാങ്കേതിക പിഴവ് മൂലമാണ് ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഉടുമ്പഞ്ചോലയുമുൾപ്പെട്ടതെന്നും സീറ്റ് ബി.ഡി.ജെ.എസിൻ്റെ തന്നെയാണെന്നുമാണ് ഇന്നലെ എൻ.ഡി.എ നേതൃത്വം നൽകിയ വിശദീകരണം. തുടർന്ന് ഇന്നലെ വൈകിട്ടോടെ രമ്യയെ നേരിൽ കണ്ട ശേഷം സന്തോഷ് മാധവൻ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.