തൊടുപുഴ: നഗര ചരിത്രത്തിന്റെ പാരമ്പര്യത്തിൽ ഇടം പിടിച്ച 'ശ്രീകൃഷ്ണ ഹോട്ടൽ' പ്രവർത്തിച്ചിരുന്ന കെട്ടിടവും വിസ്മൃതിയിലാവുകയാണ്. തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ സ്വാമിയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്രീകൃഷ്ണ, ലിറ്റിൽ കൃഷ്ണ തിയേറ്ററുകൾക്ക് എതിർ വശത്ത് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് എഴുപത് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇഷ്ടനടീ നടന്മാരുടെ സിനിമകൾ ശ്രീകൃഷ്ണ, ലിറ്റിൽ കൃഷ്ണ തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ആളുകളുടെ ആരവം കാരിക്കോട് സ്വദേശി ആനിക്കാടൻ ശ്രീധരൻ നായരുടെ ഹോട്ടലിലേക്കും എത്തിയിരുന്നു. സ്വാമിയുടെ തീയേറ്ററുകളിൽ സിനിമ കാണാൻ എത്തിയവർക്ക് ഒരിക്കലെങ്കിലും ശ്രീധരൻ ചേട്ടന്റെ ഹോട്ടലിലെ രുചിയുടെ കഥ പറയാനുണ്ടാവും.
ശ്രീകൃഷ്ണ ഹോട്ടൽ ഇരിക്കുന്ന കെട്ടിടം കാഞ്ഞിരപ്പള്ളി പരമുപിള്ളയിൽ നിന്നാണ് ശ്രീധരൻനായർ വിലയ്ക്കു വാങ്ങിയത്. തിയറ്ററിലും ഹോട്ടലിലും രാവിലെ മുതൽ തുടങ്ങുന്ന തിരക്ക് പുലരുവോളം നീണ്ടിരുന്നതായി ശ്രീധരൻ നായർ പറഞ്ഞു. രാവിലെ പത്തിന് തുടങ്ങുന്ന സിനിമ പ്രദർശനം പിറ്റേന്ന് പുലർച്ചെ രണ്ടു വരെ നീണ്ടിരുന്നു. പുലർച്ചെ രണ്ടു വരെയായിട്ടും ആളുകൾ കടയടപ്പിക്കില്ലായിരുന്നെന്ന് ശ്രീധരൻ നായർ പറയുന്നു. തീയറ്റർ ഇല്ലെങ്കിലും വർഷങ്ങളായി ഇവിടെ നിന്ന് മുടങ്ങാതെ ഭക്ഷണം കഴിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട്. തീയറ്ററുകളുടെ പ്രതാപം നഷ്ടപ്പെട്ട് രണ്ട് തീയറ്ററുകളും പൊളിച്ച് മാറ്റിയതോടെ ശ്രീകൃഷ്ണ ഹോട്ടലിന്റെ പഴയകാല പ്രതാപവും നഷ്ടപ്പെടാൻ തുടങ്ങി. കെട്ടിടം പൊളിച്ചെങ്കിലും പുതിയത് പണിത് ഇവിടെ ഹോട്ടൽ തന്നെ ആരംഭിക്കുെമെന്ന് ശ്രീധരൻ ചേട്ടൻ പറയുന്നു.