തൊടുപുഴ: കടുത്ത വേനലിൽ ആശ്വാസം തേടി എത്തുന്നവരുടെ എണ്ണം കൂടി, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജനം നിറയുന്നു. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഒരു വർഷക്കാലമായി അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ അടുത്ത നാളിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലയിലേക്ക് സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്. പകൽ സമയങ്ങളിലെ പൊള്ളുന്ന ചൂടിനെ വകവെക്കാതെയാണ് പ്രാദേശികമായും വിദൂരങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.എല്ലാ ദിവസങ്ങളിലും ആളുകൾ എത്തി കേന്ദ്രങ്ങൾ സജീവമാകുന്നുണ്ടെങ്കിലും ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് വൻ വർദ്ധനവുണ്ടാകുന്നത്.സർക്കാരിന്റെ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും നിയന്ത്രണത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ച് വരുന്നുണ്ട്.എന്നാൽ.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ( ഡി റ്റി പി സി ) നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഒൻപത് കേന്ദ്രങ്ങളിലായി അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച്ച മാത്രം 17,465 ആളുകൾ എത്തിയതായി ജില്ലാ ടൂറിസം വകുപ്പ് അധികൃതർ 'കേരള കൗമുദി ' യോട് പറഞ്ഞു.വാഗമൺ കേന്ദ്രത്തിൽ 4036 ആളുകൾ എത്തിയതായിട്ടാണ് ടൂറിസം വകുപ്പിന്റെ കണക്ക് .എന്നാൽ ഞായറാഴ്ച്ച ഇവിടെ എത്തിയത് ഇതിലുമേറെയാണ്.കൊവിഡ് വ്യപനത്തിന്റേയും കനത്ത വേനൽച്ചൂടിന്റേയും താത്ക്കാലിക ആശ്വാസമായിട്ടാണ് ജനം ഇവിടങ്ങളിലേക്ക് ചേക്കേറുന്നത് . ചില യിടങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ തിരക്കാണെങ്കിൽ മറ്റ് സ്ഥലങ്ങളിൽ വെയിലിന്റെ കാഠിന്യം കുറയുന്നതിന് അനുസരിച്ചാവും തിരക്ക്. കുംടുബാംഗങ്ങൾ ഒരുമിച്ചും സൗഹൃദ കൂട്ടമായുമാണ് ജനം എത്തുന്നതും.
ഞായറാഴ്ച്ച എത്തിയവർ ......................
മലങ്കര ടൂറിസം ഹബ്ബ് 6074
അരുവിക്കുഴി വ്യൂപോയിന്റ് 342
വാഗമൺ 4036
പാഞ്ചാലിമേട് 979
മാട്ടുപെട്ടി 1464
രാമക്കൽ മേട് 1454
ശ്രീനാരായണപുരം 1259
ഹിൽവ്യൂ പാർക്ക് 1498
ഇടുക്കി പാർക്ക് 359
ഏറ്റും കൂടുതൽ ആളെത്തിയത് മലങ്കര ഹബ്ബിൽ............
ഡി റ്റി പി സി യുടെ കീഴിലുളള 9 കേന്ദ്രങ്ങളിൽ കഴിഞ്ഞ ഞായറാഴ്ച്ച ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് മലങ്കര ടൂറിസം ഹബ്ബിലാണ്.മലങ്കര അണക്കെട്ട്, കുട്ടികളുടെ പാർക്ക്, വിസ്തൃതമായ ജലാശയം എന്നിങ്ങനെ മാത്രമുളള മലങ്കര ഹബ്ബിൽ അനേകായിരങ്ങളാണ് നിത്യവും എത്തുന്നത്. മലങ്കരയിൽ കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വൻ പരാജയമാണ്.